വൈദികനാകാൻ ആഗ്രഹിച്ച് സെമിനാരിയിൽ ചേർന്ന ഒരു യുവാവിനെ മൂന്നു വർഷങ്ങൾക്കു ശേഷം വീട്ടിൽ പറഞ്ഞയക്കാൻ മേലധികാരികൾ തീരുമാനിച്ചു. ആ തീരുമാനം ആ യുവാവിന്റെ അപ്പന് ഉൾക്കൊള്ളാനായില്ല. അദ്ദേഹം അടുത്ത ദിവസം തന്നെ സെമിനാരിയിൽ എത്തി. "എന്റെ മകൻ പരീക്ഷയ്ക്ക് തോറ്റിട്ടില്ല. അവന് യാതൊരു രോഗങ്ങളുമില്ല. പിന്നെ എന്ത് കുറവു കണ്ടിട്ടാണ് നിങ്ങളവനെ വീട്ടിൽ പറഞ്ഞു വിടുന്നത്?" അദ്ദേഹത്തിന്റെ ചോദ്യത്തിന് മേലധികാരി ഇങ്ങനെ മറുപടി നൽകി.
"നിങ്ങൾ ഈ പറഞ്ഞതു തന്നെയാണ് അവന്റെ കുഴപ്പം. എല്ലാം തികഞ്ഞവനാണെന്നാണ് അവന്റെ ചിന്ത. ചെറിയ തിരുത്തലുകൾ പോലും സ്വീകരിക്കില്ല. എല്ലാ വിഷയത്തിനും ഉയർന്ന മാർക്ക് വാങ്ങിയാലും രോഗങ്ങൾ ഒന്നുമില്ലെങ്കിലും എളിമയില്ലാതെ, തന്നിഷ്ടം കാണിച്ച് നടക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ വിളി." അദ്ദേഹം പിന്നീടൊന്നും സംസാരിക്കാതെ വീട്ടിലേക്ക് മടങ്ങി. ഒരാൾ എല്ലാം തികഞ്ഞവനാണെന്ന് ചിന്തിക്കുന്നിടത്ത് അയാളിലെ വിശുദ്ധി നിഷ്പ്രഭമാകുന്നു. എളിമയിലും ദൈവാശ്രയത്തിലും ഉയർന്നെങ്കിൽ മാത്രമെ ദൈവകൃപയുടെ നീർച്ചാലുകളാകാൻ ഒരുവന് സാധിക്കൂ. അതിനൊരുത്തമ ഉദാഹരണമാണ് സുവിശേഷത്തിലെ ശതാധിപൻ. തന്റെ ശിഷ്യനെ സുഖപ്പെടുത്തണമെന്ന അപേക്ഷയുമായാണ് അയാൾ ക്രിസ്തുവിന്നരികിലെത്തിയത്.
ഞാൻ നിങ്ങളോടൊപ്പം വീട്ടിലേക്ക് വരാമെന്ന് ക്രിസ്തു പറഞ്ഞപ്പോൾ "കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും" (മത്തായി 8 : 8) എന്നായിരുന്നു അയാളുടെ മറുപടി. ഇതുപോലൊരു വിശ്വാസം ഇസ്രായേലിലിൽ ഒരിടത്തും കണ്ടിട്ടില്ലെന്നായിരുന്നു ക്രിസ്തുവിന്റെ പ്രതികരണം. അതെ, വിശ്വാസത്തിന്റെ ചവിട്ടുപടിയാണ് എളിമ. അത് സ്വന്തമാക്കിയവർ ഒരിക്കലും അഹങ്കരിക്കില്ല. പൗലോസ് ശ്ലീഹായെപ്പോലെ "ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്" (1 കോറിന്തോസ് 15 : 10 ) എന്നുദ്ഘോഷിക്കാൻ അവർക്കു കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26