ഡല്‍ഹിയില്‍ റെക്കോഡ് മഴ; വിമാനത്താവളം വെള്ളത്തില്‍ മുങ്ങി

ഡല്‍ഹിയില്‍  റെക്കോഡ് മഴ; വിമാനത്താവളം വെള്ളത്തില്‍ മുങ്ങി

ന്യൂഡൽഹി: ഡൽ‌ഹിയിൽ കോരിച്ചൊരിഞ്ഞ് മഴ. ഇന്നലെ വരെയുള്ള കണക്കിൽ ഈ വർഷം 1136.6 മില്ലീമീറ്റർ മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ശക്തമായ മഴയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമടക്കം വെള്ളത്തിൽ മുങ്ങി.

കഴിഞ്ഞ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇത്തവണത്തേതെന്നും കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടി. സാധാരണ 653.6 മില്ലീമീറ്റർ മഴയാണ് ഡൽഹിയിൽ ലഭിക്കാറുള്ളത്. ജൂൺ ഒന്നിനു തുടങ്ങി സെപ്‌റ്റംബർ 11 വരെ നീളുന്നതാണ് സാധാരണയുള്ള മഴക്കാലം. ഇത്തവണ സെപ്റ്റംബർ 25-ന് മാത്രമേ മഴക്കാലം അവസാനിക്കൂവെന്നാണ് പ്രവചനം.

ഇന്നലെ പുലർച്ചെ അഞ്ചര മുതൽ ഉച്ചയ്ക്കു രണ്ടര വരെ 117.9 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒ. അടക്കമുള്ള നഗരമേഖലകൾ വെള്ളത്തിൽ മുങ്ങി. ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഔട്ടർ ഡൽഹി മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായതിനെത്തുടർന്ന് ഒട്ടേറെ വീടുകളിലേക്ക്‌ മഴവെള്ളം കയറി. വൈകീട്ട് വരെ മഴ തുടർന്നെങ്കിലും ആളപായം റിപ്പോർട്ടു ചെയ്തിട്ടില്ല.

ഡൽഹി വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ വെള്ളത്തിൽ മുങ്ങിയതിനാൽ വ്യോമഗതാഗതം തടസപ്പെട്ടു. സ്പൈസ് ജെറ്റിന്റെ രണ്ടും, ഇൻഡിഗോ, ഗോ ഫസ്റ്റ് എന്നിവയുടെ ഓരോ വിമാനം വീതവും ഡൽഹിയിൽ ഇറക്കാതെ ജയ്‌പുരിലേക്കു വഴി തിരിച്ചുവിട്ടു. ദുബായിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനം ഡൽഹിയിലിറങ്ങാനാവാതെ അഹമ്മദാബാദിലേക്ക്‌ പറന്നു. ഒട്ടേറെ വിമാനങ്ങൾ വൈകി സർവീസ് നടത്തിയതായും അധികൃതർ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.