ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ധാരണ. ഇരു രാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാര്‍ ന്യൂഡല്‍ഹിയില്‍ ഇന്നലെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് (2 + 2 ഡയലോഗ്) ഈ തീരുമാനം.
മന്ത്രിതല ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ഓസ്ട്രേലിയയുടെ ഭാഗത്തുനിന്ന് വിദേശകാര്യമന്ത്രി മാരീസ് പെയ്ന്‍, പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ എന്നിവരുമാണ് പങ്കെടുത്തത്. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ ദ്വിതല മന്ത്രാലയ ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചകള്‍ക്കു ശേഷം ജവഹര്‍ലാല്‍ നെഹ്റു ഭവനിലെ മുത്തമ്മ ഹാളില്‍ നാലു മന്ത്രിമാരും മാധ്യമങ്ങളോടു സംസാരിച്ചു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ അമേരിക്കയും ഓസ്ട്രേലിയയും നടത്തുന്ന സൈനിക അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ ഔദ്യോഗികമായി പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ ക്ഷണിച്ചു. 2023-ലാണ് ഇനി അടുത്ത സൈനിക അഭ്യാസം നടക്കുന്നത്.
ജപ്പാന്‍, കാനഡ, യുകെ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ അടുത്തിടെ നടന്ന സൈനിക അഭ്യാസത്തില്‍ പങ്കാളിയായിരുന്നു. 17,000 സൈനിക ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്. അതേസമയം ക്ഷണം ഇന്ത്യ സ്വീകരിക്കുമോ എന്നതു സംബന്ധിച്ച് രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക പങ്കാളിത്തം ശക്തമാക്കാനും അറിവുകള്‍ പങ്കിടുന്നത് മെച്ചപ്പെടുത്താനും പ്രതിരോധ സാങ്കേതികവിദ്യയില്‍ സഹകരണം വിപുലപ്പെടുത്താനും ധാരണയായി.
ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായി 2+2 കൂടിക്കാഴ്ച്ചയെ ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ പ്രശംസിച്ചു. ഓസ്‌ട്രേലിയയും ഇന്ത്യയുടെയും നയതന്ത്രപരമായ താല്‍പ്പര്യങ്ങള്‍ ഒരുമിച്ചു കൊണ്ടു പോകുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
അഫ്ഗാന്‍ മന്ത്രിസഭയുടെ ഘടന ആശങ്കപ്പെടുത്തുന്നത്
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലായതോടെ മാറിയ സുരക്ഷാ സാഹചര്യങ്ങള്‍ ഇന്ത്യ-ഓസ്ട്രേലിയ വിദേശ, പ്രതിരോധ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ തീവ്രവാദ പട്ടികയില്‍ ഇടം പിടിച്ച ഭീകരര്‍ ഉള്‍പ്പെടുന്ന ഇടക്കാല സര്‍ക്കാരിന്റെ ഘടനയിലും തീവ്രവാദ സംഘടനകള്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം സംബന്ധിച്ച് ഇരു രാജ്യങ്ങളും വിശാലമായ കാഴ്ചപ്പാടുകള്‍ പങ്കുവച്ചതായി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളുടെയും സമീപനം ഒരുപോലെയാണ്. അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് മന്ത്രിമാര്‍ സംയുക്തമായി ആ്വവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര മര്യാദ്യയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്നും താലിബാന്‍ തങ്ങളുടെ മണ്ണ് ഏതെങ്കിലും ഭീകരസംഘടനയ്ക്ക് താവളമാക്കാന്‍ അനുവദിക്കരുതെന്നും യു.എന്‍. രക്ഷാസമിതിയുടെ പ്രമേയം ഉദ്ധരിച്ച് ജയശങ്കര്‍ പറഞ്ഞു. അഫ്ഗാനില്‍ സമാധാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് യു.എന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര സമൂഹം ഒന്നിക്കണം. ഇന്ത്യയുടെ നിലപാടിനെ ഓസ്‌ട്രേലിയ പിന്തുണച്ചു.
സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരോടുള്ള സമീപനം, അഫ്ഗാന്‍ പൗരന്മാരുടെ പലായനം, സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും നേതാക്കള്‍ പങ്കിട്ടു. അഫ്ഗാന്‍ മന്ത്രിസഭയിലെ വൈവിധ്യത്തിന്റെ അഭാവവും ആശങ്കപ്പെടുത്തുന്നതാണ്. വനിതാ അംഗങ്ങള്‍ ഒരാള്‍ പോലുമില്ല.
താലിബാന്‍ ഭരണത്തിന്‍ കീഴില്‍ സ്ത്രീകളുടെ അവസ്ഥ പിന്നോക്കം പോകുമെന്ന ആശങ്ക മാരിസ് പെയ്ന്‍ പങ്കുവച്ചു. രണ്ട് പതിറ്റാണ്ടില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ നിരവധി അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഉണ്ട്. അത് തിരിച്ചെടുക്കരുതെന്നും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പങ്കാളിത്തം തുടരാന്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. ഇതിനായി ഓസ്‌ട്രേലിയ അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളും.
അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെയും വിദേശ പൗരന്മാരെയും സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാരിസ് പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം
ഓസ്ട്രേലിയയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങള്‍ മൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കൂടിക്കാഴ്ച്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഓസ്ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും അവിടെ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ സമൂഹവും നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യ ഉന്നയിച്ചു.
ഓസ്ട്രേലിയ വാക്സിനേഷന്‍ ഡ്രൈവ് നടത്തുകയാണ്. അതിനുശേഷം ഘട്ടം ഘട്ടമായി വീണ്ടും തുറക്കുമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു. സുരക്ഷിതമായ യാത്ര പുനരാരംഭിക്കുന്നത് കാണാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഓസ്ട്രേലിയയിലേക്ക് ആദ്യം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുന്ന ആളുകളിലൊരാളാകാന്‍ താന്‍ ആഗ്രഹിക്കുന്നതായും മാരിസ് പെയ്ന്‍ പറഞ്ഞു,
വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വളരെ ഗൗരവത്തോടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ ശ്രമങ്ങളെ തുടര്‍ന്ന് 17 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും സ്വിറ്റ്സര്‍ലന്‍ഡും ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.