ഒരേ വീട്ടില്‍ തന്നെ ആണും പെണ്ണും വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ഗ്രാമം

 ഒരേ വീട്ടില്‍ തന്നെ ആണും പെണ്ണും വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ഗ്രാമം

ഒരേ വീട്ടില്‍ തന്നെ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ. പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഒരു ഗ്രാമം. ദക്ഷിണ നൈജീരിയയിലെ ഉബാങ് ഗ്രാമത്തിലെ കര്‍ഷക സമൂഹത്തില്‍, പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ഭാഷകളാണ് സംസാരിക്കുന്നത്. ഉബാങ്ങിലെ ജനങ്ങള്‍ ഈ പ്രത്യേകതയെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുകയും ഈ വ്യത്യാസം തങ്ങളുടെ ദൈവത്തില്‍ നിന്നുള്ള അനുഗ്രഹമായി കണക്കാക്കുകയും ചെയ്യുന്നു.

ഉബാങ്ങിലെ ആണ്‍കുട്ടികള്‍ സാധാരണയായി പത്ത് വയസ്സുവരെ സ്ത്രീകളുടെ ഭാഷകള്‍ കേട്ടാണ് വളരുന്നത്. കാരണം അവര്‍ കുട്ടിക്കാലം മുഴുവന്‍ അമ്മയോടൊപ്പമാണ് ചെലവഴിക്കുന്നത്. അതിനുശേഷം അവര്‍ പുരുഷന്മാരുടെ ഭാഷ സംസാരിക്കാന്‍ പഠിക്കുന്നു. ഉദാഹരണത്തിന് നൈജീരിയയിലെ പ്രധാന ഭക്ഷണമായ കിഴങ്ങുകള്‍ കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവത്തിന് ആണിനും, പെണ്ണിനും തങ്ങളുടെ ഭാഷകളില്‍ വ്യത്യസ്ത പദങ്ങളുണ്ട്. ഇത് സ്ത്രീ ഭാഷയില്‍ ഈ വിഭവത്തിന് 'ഇരുയി'യും പുരുഷന്മാര്‍ക്ക് 'ഇട്ടോംഗും' ആണ്. വസ്ത്രത്തിന് പുരുഷന്മാര്‍ ഉപയോഗിക്കുന്ന പദം 'എന്‍കി'യെന്നും സ്ത്രീകള്‍ 'അരിഗ' എന്നുമാണ്.

2018ല്‍ ബിബിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, അവരുടെ ഭാഷയിലെ വാക്കുകള്‍ വ്യക്തതയില്ലെന്നും കൃത്യമായ മാതൃകകള്‍ ഇല്ലാത്തതാണെന്നുമാണ്. അത്ഭുതകരമായ ഈ വ്യത്യാസത്തെക്കുറിച്ച് ഇവിടുത്തെ തലവന്‍ ഒലിവര്‍ ഇബാംഗ് പറയുന്നത്, പുരുഷന്മാര്‍ക്ക് പക്വത എത്തുന്നതിന് ഒരു ഘട്ടമുണ്ട്. അതുവരെ തന്റെ ശരിയായ ഭാഷ ഉപയോഗിക്കുന്നില്ല. അവന്‍ ശരിയായ ഭാഷ ഉപയോഗിക്കുന്നില്ലെന്ന് അവന്റെ കുടുംബത്തില്‍ നിന്നോ അയല്‍വാസികളില്‍ നിന്നോ ആരും പറയുന്നില്ല. നിശ്ചിത പ്രായം കഴിഞ്ഞാല്‍ അയാള്‍ ആണ്‍ ഭാഷ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആണ്‍കുട്ടിയുടെ പക്വതയുടെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അവനില്‍ കാണാന്‍ കഴിയും. ഒരു ആണ്‍കുട്ടി ഒരു നിശ്ചിത പ്രായത്തില്‍ തന്റെ ശരിയായ ഭാഷയിലേക്ക് മാറുന്നില്ലെങ്കില്‍, അവനെ ഈ സമൂഹത്തില്‍ 'അസാധാരണനായി' കണക്കാക്കുമെന്നും ഇബാങ് പറയുന്നു.

നരവംശശാസ്ത്രജ്ഞനായ ചിചി ഉന്‍ഡി ഈ സമൂഹത്തെ കുറിച്ച് നന്നായി പഠിച്ചിട്ടുണ്ട്. പുരുഷന്മാരും സ്ത്രീകളും പൊതുവായി പങ്കുവയ്ക്കുന്ന ധാരാളം വാക്കുകളുണ്ട്. എന്നാല്‍ അവിടെ ലിംഗ അടിസ്ഥാനത്തിലുള്ള പദങ്ങളുമുണ്ട്. അത് ഒരുപോലെ തോന്നില്ല, ഒരേ അക്ഷരങ്ങളല്ല തികച്ചും വ്യത്യസ്തമായ ലോകങ്ങള്‍ പോലെയെന്നാണ് അദ്ദേഹം പറയുന്നത്.

അടിയന്തരമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നൈജീരിയയിലെ 500ഓളം വരുന്ന പ്രാദേശിക ഭാഷകളിലെ 50 എണ്ണം വരും വര്‍ഷങ്ങളില്‍ അപ്രത്യക്ഷമാകുമെന്ന് നൈജീരിയന്‍ ഭാഷാ അസോസിയേഷന്‍ പറഞ്ഞു. ഇഗ്ബോ, യൊറൂബ, ഹൗസ എന്നിവയാണ് നൈജീരിയയിലെ പ്രധാന ഭാഷകള്‍. നിരവധി വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനായി ആളുകള്‍ ഇപ്പോള്‍ ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്.

ആഫ്രിക്കന്‍ വന്‍കരയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള രാജ്യമാണ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയ. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം കൂടിയാണിത്. രാജ്യത്ത് 521 ഭാഷകളുണ്ട്. നൈജീരിയയിലെ ചില പ്രദേശങ്ങളില്‍, ഗോത്ര വിഭാഗങ്ങള്‍ ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ ഐക്യം സുഗമമാക്കുന്നതിന് ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. 1960ല്‍ അവസാനിച്ച ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ സ്വാധീനം കാരണം നൈജീരിയില്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് സ്വാധീനമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.