തിരുവനന്തപുരം: റഷ്യന്‍ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച് 32കാരി മരിയ. റഷ്യയിലെ പെന്‍സ പ്രവിശ്യയില്‍ നിന്ന് വരുന്ന മരിയ പാര്‍ലമെന്റിലേക്കുള്ള കന്നിവോട്ട് ചെയ്തത് തിരുവനന്തപുരത്താണ്. കേരളത്തിലുള്ള റഷ്യന്‍ പൗരന്‍മാര്‍ക്ക് പാര്‍ലമെന്റിലേക്ക് വോട്ടുചെയ്യാന്‍ തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സുലേറ്റ് ഓഫീസില്‍ പോളിങ് ബൂത്ത് ഒരുക്കിയതോടെയാണ് മരിയയ്ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനായത്.
2017ല്‍ വിനോദസഞ്ചാരിയായി കേരളത്തിലെത്തിയ മരിയ വര്‍ക്കല സ്വദേശിയായ നന്ദുവിനെ വിവാഹം ചെയ്ത് ഇവിടെയാണ് താമസിക്കുന്നത്. അതേപോലെ ആറുവര്‍ഷമായി കോവളത്ത് താമസിക്കുന്ന സോഫിയ രണ്ടാം തവണയാണ് രാജ്യത്തെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്യുന്നത്. മോസ്‌കോയില്‍ നിന്നെത്തിയ സോഫിയ കോവളം സ്വദേശിയായ ബൈജുവിനെ വിവാഹം ചെയ്ത് ടൂറിസ്റ്റ് ഗൈഡായി ഇവിടെത്തന്നെ ജീവിക്കുകയാണ്.
ഇത്തവണ കോവളം, വര്‍ക്കല എന്നിവിടങ്ങളില്‍നിന്ന് 15 സ്ത്രീകളാണ് ഇവിടെ വോട്ട് ചെയ്യാനെത്തിയത്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി ചെന്നൈയിലെ കോണ്‍സുലേറ്റ് ജനറല്‍ സെര്‍ജി ലഗൂട്ടിന്‍, വൈസ് കോണ്‍സുലേറ്റ് അലക്സി തെരേസാസ് എന്നിവര്‍ തലസ്ഥാനത്തെത്തിയിരുന്നു.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ പെട്ടിയിലാക്കി ചെന്നൈയിലെ റഷ്യന്‍ കോണ്‍സുലേറ്റിലേക്ക് അയച്ചുകൊടുക്കും. അവിടെനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായാണ് റഷ്യയിലേക്ക് എത്തിക്കുന്നത്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, പുതുച്ചേരി, കൂടംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ പോളിങ് കേന്ദ്രങ്ങള്‍. 17, 18, 19 തീയതികളിലാണ് റഷ്യയിലെ വോട്ടെടുപ്പ്.
റഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലേക്കുള്ള 450 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ 225 സീറ്റുകളിലേക്ക് റഷ്യയിലുള്ളവര്‍ക്ക് മാത്രമാണ് വോട്ടവകാശം. ബാക്കി 225 സീറ്റിലേക്ക് 14 പാര്‍ട്ടികളാണ് മത്സരിക്കുന്നത്. ഇതിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഇവിടെയുള്ളവര്‍ക്ക് വോട്ടവകാശം ഉള്ളത്.
റഷ്യന്‍ പാസ്പോര്‍ട്ടാണ് വോട്ടവകാശത്തിനുള്ള തിരിച്ചറിയല്‍ രേഖ. റഷ്യന്‍ ഭാഷയിലാണ് പാര്‍ട്ടികളുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് പേപ്പര്‍. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയുടെ ചിഹ്നം കരടിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് മുഖ്യ പ്രതിപക്ഷ കക്ഷികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.