കോളിളക്കങ്ങൾക്കു നടുവിൽ

കോളിളക്കങ്ങൾക്കു നടുവിൽ

പതിവില്ലാതെ ഒരു കുടുംബം ഏറെ സമയം ദൈവാലയത്തിൽ ചിലവഴിക്കുന്നതു കണ്ടപ്പോൾ അതിശയം തോന്നി. ഇതിനു മുമ്പ് അവരെ ഇവിടെ കണ്ടിട്ടുമില്ല. പ്രാർത്ഥന കഴിഞ്ഞ് പോകാനിറങ്ങിയപ്പോൾ അവരെന്റെയടുത്ത് വന്നു. "ഞങ്ങൾക്കച്ചനെ അറിയം.അച്ചന് ഞങ്ങളെ അറിയില്ലായിരിക്കും അല്ലെ?" "നിങ്ങളെ ഇതിനു മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ?" എവിടെ നിന്നാണ് വന്നതെന്ന് പറഞ്ഞ ശേഷം അവർ തുടർന്നു: "ഈയടുത്ത് ഞങ്ങളുടെ മകൾ ക്യാൻസർ ബാധിച്ച് മരിച്ചു. രോഗവിവരം വൈകിയാണറിഞ്ഞത്. കുറേയേറെ ചികിത്സിച്ചെങ്കിലും ഞങ്ങൾക്കവളെ നഷ്ടമായി. രാപ്പകലില്ലാതെ അവളുടെ ഓർമ ഞങ്ങളെ വേട്ടയാടുന്നു. ആളുകൾ പലരും ആശ്വസിപ്പിക്കാൻ വീട്ടിൽ വരുന്നുണ്ടെങ്കിലും അവയൊന്നും ഞങ്ങൾക്ക് ആശ്വാസം പകരുന്നില്ല. ഞങ്ങൾക്കൊരു ആധ്യാത്മിക ഗുരുവുണ്ട്. അച്ചനാണ് ഞങ്ങളോട് ഈ ദൈവാലയത്തിൽ വന്ന് കുറച്ചു സമയം പ്രാർത്ഥിക്കാനായ് പറഞ്ഞത്. പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ വലിയ ആശ്വാസം. ഞങ്ങൾ ഇനിയും വരും. ദൈവത്തിനു മാത്രമേ ഞങ്ങളെ ആശ്വസിപ്പിക്കാനാകൂ എന്ന് ഞങ്ങളിപ്പോൾ തിരിച്ചറിയുന്നു..."വലിയ ഉൾക്കാഴ്ചയാണ് ആ കുടുംബം പകർന്നു നൽകിയത്.ക്ഷണക്കത്തുമായല്ല ദുരന്തങ്ങൾ ജീവിതത്തിൽ കടന്നുവരിക. വിചാരിക്കാത്ത സമയത്തും അപ്രതീക്ഷിതമായ രീതിയിലുമായിരിക്കും ജീവിതത്തെ തകർത്തുകൊണ്ട് ദുഃഖത്തിന്റെ പേമാരി പെയ്തിറങ്ങുക. അപ്പോഴെല്ലാം നമ്മൾ ആശ്വാസത്തിനായ് തിരിയേണ്ടത് ദൈവത്തിലേക്കാണ്. ക്രിസ്തുവിനോടൊപ്പം വഞ്ചിയിൽ യാത്ര ചെയ്ത ശിഷ്യരുടെ അനുഭവം സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ? ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് വള്ളത്തിൽ ക്രിസ്തു ഉണ്ടായിട്ടുപോലും കാറ്റും കോളും ഉയർന്നത്. ഭയവിഹ്വലരായ ശിഷ്യർ ക്രിസ്തുവിലേക്കാണ് തിരിയുന്നത്. അവനെ വിളിച്ചുണർത്തി. അവൻ ഉണർന്ന് ആജ്ഞാപിച്ചപ്പോൾ കടൽശാന്തമായി. ഒപ്പം ശിഷ്യരുടെ ഹൃദയങ്ങളും (Ref ലൂക്ക 8: 22-25 ). ഇത് വായിക്കുന്ന നിങ്ങളും ഒരു പക്ഷേ അപ്രതീക്ഷിതമായ ദുരന്തമോ, പ്രതിസന്ധിയോ അഭിമുഖീകരിക്കുന്നവരാണെങ്കിൽ കർത്താവിലേക്ക് തിരിയാൻ ഒട്ടും ശങ്കിക്കരുത്. അവിടുന്നിന് മാത്രമേ നമ്മെ ആശ്വസിപ്പിക്കാനാകൂ എന്ന സത്യം ഹൃദയത്തിൽ മായാതെ സൂക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26