നൈജീരിയയില്‍ ആയുധധാരികള്‍ ജയില്‍ ആക്രമിച്ച് 266 തടവുകാരെ മോചിപ്പിച്ചു

നൈജീരിയയില്‍ ആയുധധാരികള്‍ ജയില്‍ ആക്രമിച്ച് 266 തടവുകാരെ മോചിപ്പിച്ചു

അബൂജ: നൈജീരിയയില്‍ ആയുധധാരികളായ സംഘം ജയില്‍ ആക്രമിച്ച് 266 തടവുകാരെ മോചിപ്പിച്ചു. ഞായറാഴ്ച രാത്രിയാണു സംഭവം. അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ജയിലിന്റെ ചുറ്റുമതില്‍ തകര്‍ത്താണ് അകത്തു കടന്നത്. ആക്രമണത്തില്‍ ഒരു സൈനികനും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

രാജ്യതലസ്ഥാനമായ അബൂജക്ക് തെക്കുപടിഞ്ഞാറുള്ള കോഗി സംസ്ഥാനത്തിലെ കബ്ബയിലാണ് സംഭവം. ആയുധധാരികള്‍ ജയിലിലെ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആയുധധാരികളെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ച് നൈജീരിയന്‍ പോലീസ് അന്വേഷണം തുടങ്ങി. 294 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. 28 പേരൊഴികെ ബാക്കിയെല്ലാവരും രക്ഷപ്പെട്ടു. 200 തടവുകാരെ പാര്‍പ്പിക്കാന്‍ 2008ലാണ് ഈ ജയില്‍ നിര്‍മിച്ചത്.

ഈ വര്‍ഷം ഏപ്രിലിലും നൈജീരിയയില്‍ തോക്കുധാരികള്‍ 1800 ലധികം തടവുകാരെ മോചിപ്പിച്ചിരുന്നു. ഇമോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓവറിയിലെ ജയിലില്‍നിന്നാണ് അന്ന് തടവുകാരെ മോചിപ്പിച്ചത്.

ആക്രമണസമയത്ത് 224 വിചാരണതടവുകാരും 70 കുറ്റവാളികളുമാണ് ജയിലിലുണ്ടായിരുന്നത്. ജയിലുകളില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളും നടക്കാറുള്ളതായി വിവിധ സന്നദ്ധ സംഘടനകള്‍ പറയുന്നു.

15 സൈനികരും 10 പോലീസ് ഉദ്യോഗസ്ഥരും 10 സായുധ ജയില്‍ ഗാര്‍ഡുകളും കബ്ബ ജയിലില്‍ സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.