ആര്‍പ്പോ... ഇര്‍റോ... പെര്‍ത്തിലെ ഓളപ്പരപ്പില്‍ ആവേശപ്പൂരം തീര്‍ക്കാന്‍ വള്ളംകളി; ശ്രദ്ധേയമായി പ്രമോ വീഡിയോ

ആര്‍പ്പോ... ഇര്‍റോ... പെര്‍ത്തിലെ ഓളപ്പരപ്പില്‍ ആവേശപ്പൂരം തീര്‍ക്കാന്‍ വള്ളംകളി; ശ്രദ്ധേയമായി പ്രമോ വീഡിയോ

പെര്‍ത്ത്: വള്ളംകളിയുടെ ആര്‍പ്പുവിളിയും ആവേശവും ആരവവും കോവിഡ് മൂലം കേരളത്തിനു നഷ്മാകുമ്പോള്‍ ഈ ജലമാമാങ്കത്തെ ഹൃദയത്തോടു ചേര്‍ക്കുകയാണ് പ്രവാസി മലയാളികള്‍. കേരളത്തിനു പുറത്ത് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഈ മാസം 25-ന് ഓളപ്പരപ്പില്‍ വീറും വാശിയും തീര്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. നെഹ്റു ട്രോഫി വള്ളംകളിയെ അനുസ്മരിക്കും വിധമാണ് പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ജലമേള സംഘടിപ്പിക്കുന്നത്. ഓണക്കാലത്തിന്റെ സ്മരണ കൂടി ഉയര്‍ത്തും വിധമാണ് മത്സരം അന്നേ ദിവസം നടക്കുന്നത്.

സെപ്റ്റംബര്‍ 25 ന് രാവിലെ എട്ടു മണിക്കാണ് ജലോല്‍സവം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ആയിരക്കണക്കിന് വരുന്ന കാണികളുടെയും മുമ്പില്‍ നൂറിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന ഘോഷയാത്ര തുടങ്ങി നിരവധി പരിപാടികള്‍ നടക്കും.

പെര്‍ത്തിലെ ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനത്തിനൊപ്പമുള്ള സാംസ്‌കാരിക ഘോഷയാത്രയില്‍ കഥകളി, കളരിപ്പയറ്റ്, മോഹിനിയാട്ടം, തിരുവാതിര, ചെണ്ടമേളം, തെയ്യം, പുലികളി തുടങ്ങി നിരവധി നാടന്‍ കലാരൂപങ്ങള്‍ അണിനിരക്കും. തദ്ദേശീയരെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു സാംസ്‌കാരിക സംഗമം കൂടി ആയിരിക്കും ഇത്.


ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഈ മാസം 25-ന് നടക്കുന്ന ജലമേളയോടനുബന്ധിച്ചു പുറത്തിറക്കിയ പ്രമോ വീഡിയോ.

കേരളത്തിന്റെ തനതു ജലമാമാങ്കത്തിന്റെ ചരിത്രവും ആവേശവും തെല്ലും ചോരാതെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുകയാണ് ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികള്‍ ഈ ഉദ്യമത്തിലൂടെ. ഓളപ്പരപ്പിലേക്കു തുഴയെറിഞ്ഞ് വിസ്മയം തീര്‍ക്കാന്‍ 14 ഡ്രാഗണ്‍ വള്ളങ്ങളില്‍ 300 ലധികം തുഴക്കാര്‍ മെയ്യും മനസും മെരുക്കിയെടുക്കുന്ന തകൃതിയായ പരിശീലനത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.