വാഷിംഗ്ടണ്‍: വലിയ സൗഹൃദമൊക്കെയാണെങ്കിലും ഒരു പൊതു ചടങ്ങിനിടെ സുഹൃത്തിനു നന്ദി പറയുമ്പോള്‍ അപ്രതീക്ഷിതമായി പേരു മറന്നുപോയാല്‍ എന്തു ചെയ്യും. പ്രത്യേകിച്ച് ഈ സുഹൃത്തുക്കള്‍ രണ്ടു രാഷ്ട്രങ്ങളുടെ തലവന്മാര്‍ കൂടിയാണെങ്കിലോ? സംഭവത്തിന്റെ ഗൗരവം വര്‍ധിക്കും. അത്തരമൊരു വിഷമ ഘട്ടത്തിലൂടെയാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കടന്നുപോയത്. അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പേരാണ് ജോ ബൈഡന്‍ മറന്നുപോയത്. എന്തായാലും ബൈഡന്റെ മറവി സമൂഹ മാധ്യമങ്ങളിലെ വലിയ കൗതുകമായി.
ബ്രിട്ടനും, അമേരിക്കയും, ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപന ചടങ്ങിലാണ് സംഭവം. വൈറ്റ് ഹൗസില്‍ നടന്ന പ്രഖ്യാപനത്തില്‍ ഓണ്‍ലൈനായാണ് സ്‌കോട്ട് മോറിസണും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പങ്കെടുത്തത്. ചരിത്രപരമായ പുതിയ സൈനിക സഖ്യത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ബോറിസ് ജോണ്‍സണിന്റെ പേരെടുത്ത് നന്ദി പറഞ്ഞ ബൈഡന് പക്ഷേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
താങ്ക്യൂ ബോറിസ് എന്നു പറഞ്ഞശേഷം ടിവി സ്‌ക്രീനിലെ സ്‌കോട്ട് മോറിസണിന്റെ ഭാഗത്തേക്കു തിരിഞ്ഞ ബൈഡന്‍ 'ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍ എന്നാണ് വിശേഷിപ്പിച്ചത്.
ആ വ്യക്തിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ നന്ദി സുഹൃത്തേ, മിസ്റ്റര്‍ പ്രൈം മിനിസ്റ്ററെ അഭിനന്ദിക്കുന്നു-പേര് ഓര്‍ത്തെടുക്കാനാവാതെ ബൈഡന്‍ പറഞ്ഞു.
ചിരിയോടെ തംപ്‌സ് അപ്പ് ആംഗ്യം കാണിച്ചാണ് മോറിസണ്‍ ഇതിനോടു പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.