മൊബൈല്‍ ഫോണില്‍ മുഴങ്ങിയ മലയാളി ശബ്ദത്തിന് ഇന്ന് രജത ജൂബിലി

മൊബൈല്‍ ഫോണില്‍ മുഴങ്ങിയ മലയാളി  ശബ്ദത്തിന് ഇന്ന് രജത ജൂബിലി

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ മുഴങ്ങിയ മലയാളി ശബ്ദത്തിന് ഇന്ന് രജത ജൂബിലി നിറവ്. മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് ഇന്ന് കാൽനൂറ്റാണ്ട് ആയി. 1996 സെപ്റ്റംബർ 17-നായിരുന്നു അതിന്റെ വരവ്. പ്രതിവർഷം അരക്കോടി മൊബൈൽ ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഇപ്പോഴുള്ളത് 4.5 കോടി മൊബൈൽ കണക്ഷനുകളാണ്.

ഇന്ത്യയിൽ ആദ്യം മൊബൈൽ ഫോൺ തുടങ്ങിയത് 1995 ജൂലായ് 31-ന്. അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനെ മൊബൈലിൽ വിളിച്ചായിരുന്നു തുടക്കം. ഹാൻഡ്സെറ്റ് -നോക്കിയ. സേവനദാതാവ് -മോഡി ടെൽസ്ട്രാസ് മൊബൈൽ നെറ്റ് സർവീസ്. (കമ്പനി ഇപ്പോളില്ല) എന്നിവയായിരുന്നു ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നവ.

എന്നാൽ കേരളത്തിൽ തുടക്കമിടുന്നത് 1996 സെപ്റ്റംബർ 17-നാണ്. തകഴി ശിവശങ്കരപ്പിള്ള, കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ.ആർ. ടണ്ഠണുമായി സംസാരിച്ചായിരുന്നു ഉദ്ഘാടനം. ഹാൻഡ്സെറ്റ്-നോക്കിയ. സേവനദാതാവ്- എസ്കോട്ടെൽ (ഇപ്പോഴത്തെ ഐഡിയ) എന്നിവയായിരുന്നു ആണ് ഉണ്ടായിരുന്നവ.

അന്ന് ഔട്ട്ഗോയിങ് കോളിന് മിനിറ്റിന് 16.80 രൂപ. ഇൻകമിങ് കോളിന് 8.40 രൂപ. 2 ജി സർവീസായിട്ടായിരുന്നു തുടക്കം. പ്രധാനനഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്ന സർവീസ്. എസ്കോട്ടെൽ, ബി.പി.എൽ.-യു.എസ്.വെസ്റ്റ് എന്നീ കമ്പനികൾ മാത്രമായിരുന്നു. ഹാൻഡ്സെറ്റുകളിൽ നോക്കിയയ്ക്കായിരുന്നു ആധിപത്യം. 1610 എന്ന മോഡൽ പേരുള്ള വാക്കിടോക്കി പോലുള്ള ഹാൻഡ്സെറ്റിൽ തുടക്കം. കാൽകിലോഗ്രാം ഭാരം. എസ്.എം.എസ്. അയയ്ക്കാൻ കഴിയില്ല. 20,000 മുതൽ മേലോട്ടായിരുന്നു വില. പിന്നീടുവന്ന 3310 എന്ന മോഡൽ ഏറെ പ്രചാരമുണ്ടാക്കി.

മൊബൈലിൽ ടോർച്ച് സൗകര്യമുള്ള 1100 മോഡലാണ് പിന്നീട് വന്നത്. ഇറങ്ങിയപ്പോൾ 9000 രൂപയായിരുന്നു ഇതിന്റെ വില. എന്നാൽ മോട്ടറോളയായിരുന്നു നോക്കിയയുടെ പ്രധാന എതിരാളി. 2000-ൽ എയർടെൽ കേരളത്തിലെത്തി. എല്ലാവർക്കും ഒരേ താരിഫ്. സാധാരണക്കാരൻ 'മൊബൈലാവാൻ' അപ്പോഴും മടിച്ചുനിന്നു. 2002-ൽ ബി.എസ്.എൻ.എൽ. മൊബൈൽ രംഗത്തെത്തുന്നത്. ഇൻകമിങ് സൗജന്യം എന്ന ആകർഷണം. ഔട്ട്ഗോയിങ് നിരക്ക് 16.80 രൂപയിൽ നിന്ന് 8.40 രൂപയാക്കി. അതോടെ എല്ലാ കമ്പനികളും ഇൻകമിങ് സൗജന്യമാക്കി. പിന്നീട് ഔട്ട്ഗോയിങ് നിരക്ക് മിനിറ്റിന് രണ്ടുരൂപയിലേക്ക് എല്ലാവരും താഴ്ത്തി. സോണി എറിക്സൺ, അൽക്കാടെൽ, സീമെൻസ് തുടങ്ങിയ ഹാൻഡ് സെറ്റുകൾകൂടി വിപണിയിലെത്തിയെങ്കിലും നോക്കിയയുടെ ആധിപത്യം തുടർന്നു.

എസ്കോട്ടെൽ, ഹച്ച്(ബി.പി.എൽ.), ബി.എസ്.എൻ.എൽ., എയർടെൽ, റിലയൻസ്, ടാറ്റ ഡോക്കോമോ, യൂണിനോർ, എയർസെൽ, എം.ടി.എസ്.(ഡേറ്റ മാത്രം), വിഡീയോകോൺ എന്നിവയാണ് കേരളത്തിലുണ്ടായിരുന്നവ. സാങ്കേതികവിദ്യ സേവനദാതാക്കൾ ഏർപ്പെടുത്തിയതോടെ നേരിയ തോതിൽ ഫോണിൽ ഇന്റർനെറ്റ് കിട്ടാൻ തുടങ്ങി. ആദ്യം ഗൂഗിൾ എന്ന സൈറ്റ് ഓപ്പൺ ആവാൻ ചുരുങ്ങിയത് രണ്ടുമിനിറ്റ് എടുത്തിരുന്നു.

2005 ആയപ്പോഴേക്കും എഡ്ജ്(എൻഹാൻസ്ഡ് ഡേറ്റ് റേറ്റ്സ് ഫോർ ജി.പി.ആർ.എസ്.) എന്ന സാങ്കേതികവിദ്യ വന്നു. ഡേറ്റയ്ക്ക് കുറച്ചു കൂടി വേഗം വന്നു. 2010-ൽ 3-ജി യുമായി ബി.എസ്.എൻ.എൽ. എത്തി. അപ്പോഴേക്കും കീപാഡ് ഹാൻഡ് സെറ്റിൽ നിന്ന് ടച്ച് ഫോണുകളിലേക്ക് മാറ്റം വന്നു. സാംസങ് ആയിരുന്നു ഈ രംഗത്ത് മുന്നിൽ. സോണി എറിക്സൺ, ആപ്പിൾ, വാവേ, എച്ച്.ടി.സി., എൽ.ജി. തുടങ്ങിയ കമ്പനികൾ കേരളത്തിലുമെത്തി. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം തൊട്ടു പിന്നാലെ വന്നതോടെ സ്മാർട്ട് ഫോണുകളിലേക്കുള്ള ഒഴുക്കു തുടങ്ങി. നോക്കിയയ്ക്ക് വിൻഡോസ് പ്ലാറ്റ്ഫോമായതിനാൽ വിപണിയിൽ പിന്നാക്കം പോയി. ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റവുമായി ആപ്പിളും രംഗത്ത്.

എന്നാൽ ഇപ്പോൾ രാജ്യത്ത് അവശേഷിക്കുന്നത് ബി.എസ്.എൻ.എൽ., ജിയോ, വൊഡാഫോൺ-ഐഡിയ, എയർടെൽ എന്നീ കമ്പനികളാണ്. കേരളത്തിൽ ഇപ്പോൾ 4,50,91,419 മൊബൈൽ കണക്ഷനുകളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.