സിഡ്‌നി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ലോക്ഡൗണിനെതിരേ ഓസ്‌ട്രേലിയയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്ബന്‍, ബൈറണ്‍ ബേ, പെര്‍ത്ത് എന്നീ നഗരങ്ങളിലാണ് കനത്ത പോലീസ് സന്നാഹത്തെ അവഗണിച്ച് ആയിരത്തിലധികം പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.
മെല്‍ബണില്‍ പ്രതിഷേധക്കാരും പോലീസുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ ആറു പോലീസുകാര്‍ക്കു ഗുരുതരമായി പരുക്കേറ്റു. പ്രക്ഷോഭകരുടെ ആക്രമണത്തില്‍ എല്ലുകള്‍ നുറുങ്ങി ഗുരുതരാവസ്ഥയിലായ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ കുപ്പിയും കല്ലുകളും മറ്റും വലിച്ചെറിഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല പ്രതിഷേധക്കാര്‍ ഒത്തുകൂടിയതെന്നും മറിച്ച് പോലീസുമായി ഏറ്റുമുട്ടുകയെന്ന ലക്ഷ്യത്തോടെയാണെന്നും പോലീസ് കമാന്‍ഡര്‍ മാര്‍ക്ക് ഗാലിയറ്റ് പറഞ്ഞു.
സംഭവത്തില്‍ 235 പേരെ അറസ്റ്റ് ചെയ്തു. അതില്‍ 193 പേര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതോടെ മെല്‍ബണില്‍ അടക്കം പൊതുഗതാഗതവും തടസപ്പെട്ടു.
മെല്‍ബണിലെ റിച്ച്മണ്ടിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ബ്രിഡ്ജ് റോഡില്‍ പ്രതിഷേധക്കാര്‍ക്കു ചുറ്റും പോലീസ് വലയം തീര്‍ത്തു. തുടര്‍ന്ന് ഇവര്‍ ബേണ്‍ലി സ്ട്രീറ്റിലേക്കു നീങ്ങി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു പ്രകടനങ്ങള്‍. പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കു നേരേ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും പിഴ ചുമത്തുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിഷേധക്കാരെ നേരിടുന്ന പോലീസ്
വിക്ടോറിയ പോലീസ് ചീഫ് കമ്മിഷണറുടെ അഭ്യര്‍ത്ഥനപ്രകാരം സിബിഡിയിലേക്കും പുറത്തേക്കുമുള്ള പൊതു ഗതാഗതം ഇന്ന് ഉച്ചവരെ നിര്‍ത്തിവച്ചിരുന്നു. റോഡുകളില്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. കഴിഞ്ഞ മാസം നടന്ന പ്രകടനം പോലീസും പ്രതിഷേധക്കാരും തമ്മില്‍ രക്തരൂക്ഷിത ഏറ്റുമുട്ടലിലേക്ക് എത്തിച്ചേര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. സിബിഡിയിലേക്കുള്ള ട്രെയിനുകളും ട്രാമുകളും ബസുകളും ഇന്നു രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് നിര്‍ത്തിവച്ചത്. വന്‍ പോലീസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിരുന്നത്.
വിക്‌ടോറിയ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി തലസ്ഥാനമായ മെല്‍ബണില്‍ പ്രകടനം ആരംഭിച്ചത്.
ലോക്ഡൗണിനെതിരേ വിവിധ നഗരങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭരണകൂടത്തെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പോലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പൊതുസ്ഥലത്ത് ഒത്തുചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ്. വീടുകളില്‍തന്നെ കഴിയണമെന്നാണ് കര്‍ശന നിര്‍ദേശം. വ്യായാമത്തിനോ വിനോദത്തിനോ വേണ്ടി 10 കിലോമീറ്റര്‍ പോകാന്‍ മാത്രമാണ് അനുവാദം.
നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടുള്ള മേഖലകളിലെ ജീവനക്കാരെ മാത്രമാണ് രേഖകളുടെ അടിസ്ഥാനത്തില്‍ കടത്തിവിട്ടത്.
കഴിഞ്ഞ മാസം സിബിഡിയില്‍ നടന്ന പ്രക്ഷോഭത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുക്കുകയും നിരവധി പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. മനപൂര്‍വം അക്രമം ലക്ഷ്യമിട്ടാണ് ഒരു സംഘം യുവാക്കള്‍ പ്രകടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ന്യൂ സൗത്ത് വെയിസിലെ ബൈറണ്‍ ബേയില്‍ മാസ്‌ക് ധരിക്കാത്ത മുന്നൂറോളം പേര്‍ പ്രകടനം നടത്തി. ബൈറോണ്‍ ബേ കോടതിക്ക് മുന്നിലാണ് ഇവര്‍ ഒത്തുകൂടിയത്. പ്രതിഷേധം പൊതുവെ സമാധാനപരമായിരുന്നു. 'ഫ്രീഡം ഫ്രം ലോക്ഡൗണ്‍' എന്ന മുദ്രവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. അതേസമയം, നിലവില്‍ ഇവിടെ ലോക്ഡൗണ്‍ ഇല്ലാതിരുന്നിട്ടും പ്രകടനം നടത്തിയതിലെ ദുരൂഹത പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രകടനത്തില്‍ പങ്കെടുത്ത നിരവധി പേരെ അറസ്റ്റ് ചെയ്തു. ബൈറോണ്‍ മേഖലയില്‍ 20-ല്‍ കൂടുതല്‍ ആളുകള്‍ക്ക് പൊതുസ്ഥലത്ത് ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ട്.
ക്വീന്‍സ് ലാന്‍ഡ് തലസ്ഥാനമായ ബ്രിസ്ബനിലും ഗോള്‍ഡ് കോസ്റ്റിലും ആയിരങ്ങള്‍ ഒത്തുകൂടി. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.
ഓസ്‌ട്രേലിയയില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷമാണ്. ഇതേതുടര്‍ന്ന് സിഡ്‌നിയും മെല്‍ബണും തലസ്ഥാനമായ കാന്‍ബറയുമെല്ലാം ആഴ്ചകളായി കര്‍ശനമായ ലോക്ഡൗണുകളിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.