വിരട്ടാന്‍ ഇരമ്പി വന്നത് 10 ചൈനീസ് യുദ്ധ വിമാനങ്ങള്‍ ; കൂസലെന്യേ തിരിച്ചോടിച്ച് തായ്‌വാന്‍ വ്യോമസേന

വിരട്ടാന്‍ ഇരമ്പി വന്നത് 10 ചൈനീസ് യുദ്ധ വിമാനങ്ങള്‍ ; കൂസലെന്യേ തിരിച്ചോടിച്ച് തായ്‌വാന്‍ വ്യോമസേന


തായ്പേയ്:വിരട്ടല്‍ തന്ത്രത്തിന്റെ ഭാഗമായി അതിര്‍ത്തിയിലേക്ക് ചൈന അയച്ച പത്ത് യുദ്ധവിമാനങ്ങളെയും പന്തുടര്‍ന്ന് തിരിച്ചോടിച്ച് തായ് വാന്‍ വിമാനങ്ങളുടെ വീര്യ പ്രകടനം. പ്രതിരോധ ബജറ്റില്‍ വന്‍തുക വകയിരുത്തിയ തായ് വാനെതിരെ നിരന്തര പ്രകോപനത്തിന് മുതിരുന്ന ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ഈ സംഭവം. തായ്വാന്‍ തങ്ങളുടെ അവിഭാജ്യഘടകമാണെന്ന് ബീജിംഗ് ആവര്‍ത്തിക്കുന്നതിനിടെയാണ് വിരട്ടലും വീര്യപ്രകടനവും.

ചൈനയുടെ ജെ-16 വിഭാഗത്തിലെ ആറു വിമാനങ്ങളും ജെ-11 വിഭാഗത്തിലെ രണ്ടും ഇവയ്ക്കൊപ്പം അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ശേഷിയുള്ള രണ്ടു വിമാനങ്ങളും അതിര്‍ത്തി കടന്ന് പറന്നെന്ന്് തായ് വാന്‍ ആരോപിച്ചു.യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും അയച്ചുകൊണ്ട് ചൈനയുടെ ഹുങ്കിന് മറുപടി നല്‍കി. തായ്വാന്റെ സമീപത്തേക്ക് ചൈനീസ് സേന എത്താതിരിക്കാന്‍ അമേരിക്കയുടെ 7-ാം കപ്പല്‍പട നിലവില്‍ സുരക്ഷ നല്‍കുന്നുണ്ട്.

അതേസമയം, തായ്വാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആരോപിക്കുന്ന തരത്തില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് ബീജിംഗ് പറയുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ വ്യോമമേഖലയോടടുത്താണ് തായ്വാന്റെ നിയന്ത്രണത്തിലുള്ള പ്രതാസ് ദ്വീപ്. തങ്ങളുടെ നിരന്തരമുള്ള വ്യോമാഭ്യാസത്തിനിടെ ദ്വീപിന് സമീപത്തുകൂടെ വിമാനം പറക്കാറുണ്ട്. അതിനെ വ്യോമാതിര്‍ത്തി ലംഘനമായി കാണുന്നതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്ന് ബീജിംഗ് വിശദീകരിക്കുന്നു.



ചൈനയുടെ ഭീഷണിയെ നേരിടാന്‍ പ്രതിരോധ രംഗം ശക്തമാക്കുകയാണ് തായ്വാന്‍. വരുന്ന അഞ്ചു വര്‍ഷത്തേക്ക് 8.70 ബില്യണ്‍ ഡോളര്‍ ആണ് തായ്വാന്‍ പ്രതിരോധരംഗത്തിനായി മാത്രം അധികമായി നീക്കിവയ്ക്കുന്നത്. അതിര്‍ത്തിയിലും സമുദ്രത്തിലും ആകാശത്തും ചൈന നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ സൈനിക സൈനിക ഭീഷണിക്ക് തടയിടുകയാണ് ലക്ഷ്യം.

അത്യാധുനിക മിസൈലുകള്‍, വിമാന വേധ തോക്കുകള്‍, കപ്പലുകള്‍ എന്നിവ വാങ്ങുവാനാണ് കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്. ചൈനയുടെ വ്യോമാക്രമണം മുന്‍കൂട്ടിയറിയാന്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

പ്രതിരോധ രംഗത്തെ ആധുനികവല്‍ക്കരണവും ശാക്തീകരണവും സബന്ധിച്ച് തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്നാണ് തീരുമാനം പുറത്തുവിട്ടത്. ചൈനയുടെ സൈനിക ശേഷി അതിവിപുലമാണ്. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷ നോക്കേണ്ട അനിവാര്യ ഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും വെന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ പത്തിലേറെ തവണ തായ് വാന്റെ വ്യോമമേഖലയിലേക്ക് കടന്നുകയറി ചൈനയുടെ 19 യുദ്ധവിമാനങ്ങളാണ് പ്രകോപനം സൃഷ്ടിച്ചത്. ഇതിനൊപ്പം തെക്കന്‍ ചൈനാ കടലില്‍ നാവികവ്യൂഹത്തെ വിന്യസിച്ചും തായ് വാന്റെ സൈന്യത്തേയും വ്യാപാര കപ്പലുകളേയും മത്സ്യബന്ധന യാനങ്ങളേയും തടയുന്നതും തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.