ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു. അല്‍പ്പ സമയം മുന്‍പ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിക്ക് വന്‍ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന അമരീന്ദറിനോട് രാജി വയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി കസേരയില്‍ അമരീന്ദര്‍ അധികനാളുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഇന്നു രാവിലെ ടെലിഫോണില്‍ ആശയവിനിമയം അമരീന്ദര്‍ മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും സോണിയയെ അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
അടുത്തയിടെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പഞ്ചാബില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മുഖ്യമന്ത്രിയുടെ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വേകളിലെ കണ്ടെത്തലും മറിച്ചായിരുന്നില്ല.
ഇതോടുകൂടിയാണ് അമരീന്ദറിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഒരുവിഭാഗം എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്. 117 അംഗ നിയമസഭയില്‍ 80 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 78 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്ന് നേരത്തെതന്നെ സിദ്ദു അനുകൂലികള്‍ അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതൃത്വം അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം ചേരുന്ന യോഗത്തില്‍ പുതിയ നേതാവിനെ തെരഞ്ഞെടുത്തേക്കുമെന്നും സൂചനയുണ്ട്. എഐസിസി നീരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും ഛണ്ഡീഗഡിലെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.