ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം രക്തസാക്ഷിത്വം വരിച്ച വിശുദ്ധ യൂസ്റ്റാച്ചിയൂസ്

 ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം രക്തസാക്ഷിത്വം വരിച്ച  വിശുദ്ധ യൂസ്റ്റാച്ചിയൂസ്

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 20

ട്രാജന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന പ്ലാസിഡൂസ് ആണ് പിന്നീട് ക്രിസ്ത്യാനിയായി യൂസ്റ്റാച്ചിയൂസ് എന്ന നാമം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ടസിസാന മാനസാന്തരപ്പെട്ട് തെയോപിസ്‌തെസ് എന്ന പേരും സ്വീകരിച്ചു.

അഗാപിയൂസ്, തിയോപിസ്റ്റസ് എന്ന രണ്ട് പുത്രന്‍മാരാണ് അവര്‍ക്കുണ്ടായിരുന്നത്. കുലീന കുടുംബത്തിലെ അംഗമായിരുന്ന യൂസ്റ്റാച്ചിയൂസിനെ ഗ്രീക്കുകാര്‍ വിളിച്ചിരുന്നത് യൂസ്റ്റാത്തിയൂസ് എന്നായിരുന്നു.

ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ റോമില്‍ വെച്ചാണ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം യൂസ്റ്റാച്ചിയൂസ് രക്തസാക്ഷിത്വം വരിച്ചത്. തങ്ങളുടെ സത്യവിശ്വാസത്തിലേക്കുള്ള മത പരിവര്‍ത്തനത്തിനു ശേഷമാണ് അവര്‍ ഗ്രീക്ക് നാമങ്ങള്‍ സ്വീകരിച്ചത്. അഗാധമായ കരുണയുള്ളവനായിരുന്ന യൂസ്റ്റാച്ചിയൂസ് വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിയുന്നതിന് മുന്‍പ് തന്റെ വലിയ സ്വത്തുക്കളുടെ ഭൂരിഭാഗവും പാവങ്ങള്‍ക്കായി വീതിച്ചു നല്‍കി.

വിശുദ്ധന്റെ ആദരണാര്‍ത്ഥം റോമില്‍ പുരാതനമായൊരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടു വരെ വിശുദ്ധന്റെ ഭൗതീകശരീരം ആ ദേവാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് പാരീസിനു സമീപമുള്ള വിശുദ്ധ ഡെനിസിന്റെ ദേവാലയത്തിലേക്ക് മാറ്റി.

1567 ല്‍ ആ ദേവാലയം ഹുഗ്യൂനോട്ടുകളാല്‍ കൊള്ളയടിക്കപ്പെടുകയും വിശുദ്ധന്റെ എല്ലുകള്‍ ഭാഗികമായി കത്തി നശിക്കപ്പെടുകയും ചെയ്തു. പക്ഷേ, പാരീസില്‍ വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ അതിന്റെ ഒരു ഭാഗം ഇപ്പോഴുമുണ്ട്.

സഹനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മരണത്തിനും മേലെ നന്മയുടേയും ആര്‍ജ്ജവത്തിന്റേയും വിജയത്തിന്റെ ഉദാഹരണമാണ് വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ജീവിതം. ചക്രവര്‍ത്തിമാരുടെ ഭീഷണിക്ക് വശംവദനാകാതെ തന്റെ സ്വത്തിനേയും സുഹൃത്തുക്കളേയും രാജ്യത്തേയും ജീവനേയും വകവെക്കാതെ നീതിയുടേയും സത്യത്തിന്റേയും വിശ്വാസത്തിന്റേതുമായ മാര്‍ഗം മുറുകെപ്പിടിച്ച മഹാനായിരുന്നു വിശുദ്ധ യൂസ്റ്റാച്ചിയൂസ്.

പരിശുദ്ധ സഹായകരില്‍ ഒരാളായിട്ടാണ് തിരുസഭ വിശുദ്ധ യൂസ്റ്റാച്ചിയൂസിനെ പരിഗണിച്ചു വരുന്നത്. വിഷമകരമായ സാഹചര്യങ്ങളില്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കപ്പെടുന്നു. മാഡ്രിഡ് നഗരത്തിന്റെ മാധ്യസ്ഥനാണ് വിശുദ്ധ യൂസ്റ്റാച്ചിയൂസ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. തെയോപിസ്‌തെസ്, അഗാപിയൂസ്, തിയോപിസ്റ്റസ്

2. മിലാന്‍ ബിഷപ്പായിരുന്ന ക്ലിച്ചേരിയൂസ്

3. കാര്‍ത്തേജിലെ കാന്‍ഡീഡാ

അനുദിന വിശുദ്ധര്‍ എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26