ചര്‍ച്ചകളില്‍ സമവായമല്ല, പ്രശ്‌ന പരിഹാരമാണ് വേണ്ടത്; തൊലിപ്പുറത്തെ ചികിത്സ രോഗം മാറ്റില്ല

ചര്‍ച്ചകളില്‍ സമവായമല്ല, പ്രശ്‌ന പരിഹാരമാണ് വേണ്ടത്; തൊലിപ്പുറത്തെ ചികിത്സ രോഗം മാറ്റില്ല

കൊച്ചി: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ സാമൂഹ്യ തിന്മകള്‍ക്കെതിരായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പില്‍ ചര്‍ച്ച വഴി തിരിച്ചു വിടാന്‍ ചില മുസ്ലീം സംഘടനകളുടെ ഗൂഢ നീക്കം. വോട്ടു ബാങ്ക് ലക്ഷ്യമിട്ട് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇതിനു പിന്നിലുണ്ട്.

ബിഷപ്പ് തന്റെ അജഗണത്തോട് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാനുണ്ടായ സാഹചര്യം എന്തെന്നു ചര്‍ച്ച ചെയ്യാതെ അദ്ദേഹത്തിന്റെ പരാമര്‍ശം മത സൗഹാര്‍ദം തകര്‍ത്തു എന്ന് പ്രചരിപ്പിക്കുകയും അതേപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്ത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ കേരളം ആദ്യം കേള്‍ക്കുന്നത് പാലാ ബിഷപ്പിന്റെ നാവില്‍ നിന്നല്ല. 2009 ല്‍ ഹൈക്കോടതി തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര ഇന്റലിജന്‍സ് ഏജന്‍സികളും ഇതിനെതിരെ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.

ഈ സാഹചര്യത്തില്‍ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഇത്തരം തിന്മകളെപ്പറ്റി ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാവുകയും അവയെ പ്രതിരോധിക്കുന്നതിനുള്ള തീരുമാനമുണ്ടാവുകയുമാണ് വേണ്ടത്. അല്ലാതെ ക്യാന്‍സര്‍ ബാധയ്ക്ക് തൊലിപ്പുറത്ത് ചികിത്സ നടത്തി പരിഹാരമുണ്ടാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമംകൊണ്ട് അന്തിമ പ്രശ്‌ന പരിഹാരമാവില്ല എന്നുറപ്പാണ്. ഇരു സമുദായത്തേയും പിണക്കാതെയുള്ള സമവായത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുമ്പോള്‍ അടിസ്ഥാന പ്രശ്‌നം അവഗണിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സമവായ ചര്‍ച്ചയ്ക്ക് ശ്രമം നടക്കുന്നില്ല എന്നാരോപിച്ച് സമവായത്തിന് മുന്നിട്ടിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ബിഷപ്പ് നല്‍കിയ മുന്നറിയിപ്പില്‍ കാര്യക്ഷമമായ അന്വേഷണം വേണം എന്ന നിലപാട് സ്വീകരിക്കാതെ കഥയുടെ രണ്ടാം ഭാഗം മാത്രം വായിച്ച് അഭിപ്രായ പ്രകടനം നടത്താനാണ് താല്‍പര്യപ്പെടുന്നത്. തുടക്കത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.ടി തോമസ് എംഎല്‍എയും പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും കാതലായ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇതുവരെ ഉന്നയിച്ചു കണ്ടില്ല.

കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ട ഒന്നാണ് മത സൗഹാര്‍ദ്ദം എന്ന കാര്യത്തില്‍ ജനാധിപത്യ, മതേതര വിശ്വാസികളായ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പക്ഷേ, സാമുദായിക സൗഹാര്‍ദ്ദവും മതമൈത്രിയും തകര്‍ന്നു എന്ന് മുറവിളി കൂട്ടി ചര്‍ച്ചകള്‍ക്കായി പരക്കം പായുന്നവര്‍ ഒന്നോര്‍ക്കുക. ക്രൈസ്തവ സമുദായം ആശങ്കയോടെ വീക്ഷിക്കുന്ന ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നീ വിഷയങ്ങളിലും ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വവും നിങ്ങള്‍ക്കുണ്ട്.

വെറുതേ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ ഇനിയും ഉണ്ടായിക്കൂടെന്നില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.