ഓണം ബംപറില്‍ വമ്പന്‍ ട്വിസ്റ്റ്; ആ ഭാഗ്യശാലി കൊച്ചിക്കാരന്‍ ഓട്ടോ ഡ്രൈവര്‍

ഓണം ബംപറില്‍ വമ്പന്‍ ട്വിസ്റ്റ്; ആ ഭാഗ്യശാലി കൊച്ചിക്കാരന്‍ ഓട്ടോ ഡ്രൈവര്‍

കൊച്ചി: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 12 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്. ഈ മാസം പത്തിനാണ് ജയപാലന്‍ ടിക്കറ്റെടുത്തത്.

നേരത്തെ ഓണം ബംപര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസിയായ വായനാട് സ്വദേശി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. ഒടുവില്‍ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തുകയായിരുന്നു. ജയപാലന്‍ ടിക്കറ്റ് ബാങ്കില്‍ കൈമാറി.

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

12 കോടി രൂപയില്‍ നിന്ന് ഏജന്‍സി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാര്‍ഹന് ലഭിക്കുക. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. ഏജന്‍സി കമ്മീഷന്‍ കഴിഞ്ഞ് ബാക്കി വരുന്ന തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹനില്‍ നിന്ന് ഈടാക്കും.

1.20 കോടി രൂപ ഏജന്‍സി കമ്മീഷനായും ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപ ആദായ നികുതിയായും പോകും. ഇതു രണ്ടും കുറച്ച് ബാക്കി വരുന്ന ഏഴ് കോടിയോളം രൂപയാകും സമ്മാനാര്‍ഹന് ലഭിക്കുക.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകള്‍ ആകെ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.