ചുങ്കക്കാരനില്‍ നിന്ന് ക്രിസ്തു ശിഷ്യനായി മാറിയ വിശുദ്ധ മത്തായി

ചുങ്കക്കാരനില്‍ നിന്ന് ക്രിസ്തു ശിഷ്യനായി മാറിയ വിശുദ്ധ മത്തായി

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 21

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരില്‍ ഒരാളാണ് മത്തായി ശ്ലീഹ. റോമന്‍ സാമ്രാജ്യത്തിനു വേണ്ടി ചുങ്കം പിരിക്കുന്നത് തൊഴിലാക്കിയിരുന്ന ലേവി എന്ന ഗലീലിയാക്കാരനാണ് യോശുവിനൊപ്പം ചേര്‍ന്ന് മത്തായി ശ്ലീഹയായി മാറിയത്. ജെനാസറെത്ത് തടാകത്തിലൂടെയും ടിബേരിയസ് സമുദ്രത്തിലൂടെയും കടന്നു പോകുന്ന ചരക്ക് യാനങ്ങളുടെയും ജലയാത്രക്കാരുടെയും ചുങ്കമാണ് മത്തായി പിരിച്ചിരുന്നത്.

തങ്ങളുടെ അധികാരികള്‍ക്ക് വേണ്ടി കൂടുതല്‍ ചുങ്കം പിരിക്കുന്നതിനനുസരിച്ചായിരുന്നു ചുങ്കപ്പിരിവുകാരുടെ ജീവിതത്തിന്റെ ഉന്നതി. അതിനാല്‍ അക്കാലങ്ങളില്‍ റോമാക്കാര്‍ക്കുവേണ്ടി യഹൂദിയായില്‍ ചുങ്കം പിരിച്ചുകൊണ്ടിരുന്നവരെ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായിട്ടാണ് കണക്കാക്കിയിരുന്നത്. ഗലീലി സമുദ്രത്തിനു സമീപത്തുള്ള കഫര്‍നാമിലെ വിശുദ്ധ പത്രോസിന്റെ ഭവനത്തിനടുത്ത് വെച്ചാണ് യേശുവും മത്തായിയുമായുള്ള ആദ്യകൂടിക്കാഴ്ച നടന്നതെന്ന് കരുതപ്പെടുന്നു.

മത്തായിയെ തന്റെ ശിക്ഷ്യഗണത്തിലേക്കുയര്‍ത്തിയത് യേശുവിന്റെ ആഗോള രക്ഷാകര ദൗത്യത്തിന്റെ ഭാഗമായിരുന്നു. ചുങ്കപ്പിരിവുകാരനായ മത്തായിയെ തന്റെ പ്രഥമ ശിക്ഷ്യഗണത്തിലേക്ക് യേശു വിളിച്ചത് യാഥാസ്ഥിതികരായ അന്നത്തെ മതപുരോഹിതര്‍ക്കും യഹൂദ സമൂഹത്തിനും ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു.

'എന്ത് കൊണ്ടാണ് നിങ്ങളുടെ ഗുരു, ചുങ്കക്കാരുടേയും പാപികളുടേയും ഒപ്പം ഭക്ഷണം കഴിക്കുന്നത്?' എന്നതായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ 'ഞാന്‍ നീതിമാന്‍മാരെയല്ല പാപികളെ വിളിക്കുവാനാണ് വന്നിരിക്കുന്നത്' എന്നായിരുന്നു യേശുവിന്റെ മറുപടി.

'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ ജനങ്ങളേയും ശിക്ഷ്യപ്പെടുത്തുകയും പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ അവരെ ജ്ഞാനസ്‌നാനപ്പെടുത്തുകയും ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ ചെയ്യുവാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുവിന്‍' എന്ന യേശുവിന്റെ വാക്കുകള്‍ ക്രിസ്തുവിന്റെ മരണത്തിന്റേയും ഉത്ഥാനത്തിന്റേയും സ്വര്‍ഗ്ഗാരോഹണത്തിന്റേയും കൂടാതെ പെന്തക്കൊസ്താനുഭവങ്ങളുടേയും ഒരു ദൃക്‌സാക്ഷി എന്ന നിലയില്‍ വിശുദ്ധ മത്തായിയും പരാമര്‍ശിക്കുന്നു.

പന്ത്രണ്ട് അപ്പസ്‌തോലന്‍മാരില്‍ പതിനൊന്ന് പേരെയും പോലെ അപ്പസ്‌തോല ദൗത്യത്തിനിടെ വിശുദ്ധ മത്തായിയും രക്തസാക്ഷിത്വം വരിച്ചതായി കരുതപ്പെടുന്നു. അദ്ദേഹം പേര്‍ഷ്യയില്‍ വച്ച് മരിച്ചു എന്നാണ് വിശുദ്ധ പൗളിനോസ് സാക്ഷ്യപ്പെടുത്തുന്നത്. 'പേര്‍ഷ്യയിലുള്ള നഡാസര്‍ എന്ന പട്ടണത്തില്‍ വച്ച് രക്തസാക്ഷിയായി മരിച്ചു' എന്നു ചരിത്രകാരനായ മെനാന്‍സിയൂസ് രേഖപ്പെടുത്തിയിരിക്കുന്നു. മറ്റു ചില ചരിത്രകാരന്മാര്‍ അദ്ദേഹം ജീവനോടെ തീച്ചൂളയില്‍ എറിയപ്പെട്ടു എന്നും വ്യക്തമാക്കുന്നു.

ഒരു വിശുദ്ധനും സുവിശേഷകനും എന്ന നിലയില്‍ മത്തായി ശ്ലീഹയുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി അമൂല്യമായ കലാരചനകള്‍ക്ക് കാരണമായിട്ടുണ്ട്. വിശുദ്ധ മത്തായിയുടെ ജീവിതത്തെ ചൂണ്ടികാണിച്ച് കൊണ്ട് 2006-ല്‍ ബെനഡിക്ട് പാപ്പാപറഞ്ഞത് ഇപ്രകാരമാണ്, ''വിശുദ്ധിയില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാപികളായവര്‍ക്കു ദൈവകാരുണ്യം വഴി ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുവാനുള്ള ഒരു മാതൃകയായിട്ടാണ് വിശുദ്ധ മത്തായിയുടെ ജീവിതത്തെ സുവിശേഷം നമുക്ക് നല്‍കുന്നത്''.

ഒമ്പതാം നൂറ്റാണ്ടിലെ കെല്‍സിന്റെ രചനകള്‍ തുടങ്ങി, ജെ.എസ് ബാച്ചിന്റെ 'വിശുദ്ധ മത്തായിയുടെ സഹനങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ വരെ അത് നമുക്ക് ദര്‍ശിക്കാവുന്നതാണ്. വിശുദ്ധ മത്തായിയുടെ ജീവിതത്തെ പ്രതിപാദിക്കുന്ന മൂന്ന് പ്രശസ്തമായ ചിത്രങ്ങള്‍ റോമിലെ വിശുദ്ധ ലൂയിസിന്റെ നാമധേയത്തിലുള്ള കോണ്ടാരെല്ലി ദേവാലയത്തില്‍ ഇപ്പോഴുമുണ്ട്.

ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ വിവരണങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ഏറ്റവും പ്രഥമമായിട്ടായാണ് കണക്കാക്കപ്പെടുന്നത്. തിരുസഭ അതിനെ വളരെ അമൂല്യമായി കണക്കാക്കി വരുന്നു. ചുങ്കപിരിവുകാരനായ മത്തായിയും യേശുവുമായിട്ടുള്ള അത്ഭുതകരമായ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശുദ്ധ മര്‍ക്കോസിന്റെയും വിശുദ്ധ ലൂക്കായുടേയും വിവരണം മത്തായിയുടെ സ്വന്തം വിവരണത്തോട് സമാനമാണ്.

സെപ്റ്റംബര്‍ 21 നാണ് തിരുസഭ വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്‌സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16 നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ക്ലാവുദിവേയിലെ അലക്‌സാണ്ടര്‍

2. ഫിനിഷ്യായിലെ എവുസെബിയൂസ്

3. ഫ്‌ലെമിഷ് യുവാവായ ജെറുള്‍ഫ്

4. ഇഫിജേനിയ

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.