തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി തയാറാക്കാന്‍ വ്യാഴാഴ്ച യോഗം ചേരും.വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്തമായാണ് വ്യാഴാഴ്ച യോഗംചേരുക. മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണ ജോര്‍ജ് എന്നിവർ പങ്കെടുക്കും.
വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലുള്ള സ്കൂളുകള്‍ക്കും ബാധകമായ രീതിയിലുള്ള പൊതുമാര്‍ഗ രേഖയായിരിക്കും തയാറാക്കുക.
ഒക്ടോബര്‍ 15നകം പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് ഇരു വകുപ്പുകളുടേയും ലക്ഷ്യം. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെയും പത്ത്, 12 ക്ലാസുകളിലെയും കുട്ടികളെയാണ് നവംബര്‍ ഒന്നിന് ആദ്യഘട്ടത്തില്‍ സ്കൂളുകളില്‍ എത്തിക്കുക. ഈ വര്‍ഷം 6.83 ലക്ഷം നവാഗതരാണുള്ളത്. ഉയര്‍ന്ന ക്ലാസുകളില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 50 ശതമാനംവരെ ഹാജരാകാന്‍ സൗകര്യമൊരുക്കുമെങ്കില്‍ പ്രൈമറിതലത്തില്‍ ഇത് കുറക്കും.
ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ സംസ്ഥാനത്തുള്ളതിനാല്‍ ഇവിടങ്ങളില്‍ നാലിലൊന്ന് കുട്ടികള്‍ ഹാജരാകണമെന്ന് നിബന്ധന വെച്ചാല്‍പോലും കൂടുതല്‍ കുട്ടികള്‍ ഒരേസമയം വരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മാര്‍ഗരേഖ തയാറാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.