തിരുവനന്തപുരം: സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ ഈ അധ്യയന വര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് തീരുമാനം. മലപ്പുറം ഉള്‍പ്പെടെ ജില്ലകളില്‍ അധിക ബാച്ചുകള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി ഹയര്‍ സെക്കന്‍ഡറി വിഭാഗം നല്കിയ റിപ്പോര്‍ട്ട് അവഗണിച്ചാണ് ഉത്തരവ്.
സാമ്പത്തിക ബാധ്യതക്കു പുറമെ പൂര്‍ണതോതില്‍ നേരിട്ടുള്ള ക്ലാസുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യവും നിലവിലുള്ള ബാച്ചുകളില്‍ ആനുപാതിക സീറ്റ് വര്‍ധന നടപ്പാക്കിയതും ചൂണ്ടിക്കാട്ടിയാണ് പുതിയ ബാച്ച് വേണ്ടെന്ന തീരുമാനമെടുത്തത്. വിവിധ ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായ ജില്ലതല കമ്മിറ്റിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. ഇൗ കമ്മിറ്റികള്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ കോവിഡ് സാഹചര്യത്തില്‍ ഒാണ്‍ലൈന്‍ ക്ലാസുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൂര്‍ണ തോതില്‍ നേരിട്ട് ക്ലാസുകള്‍ നടത്തുന്നതിനുള്ള സാധ്യത ഇൗ വര്‍ഷം നന്നെ വിരളമാണെന്നും സീറ്റ് കുറവുള്ള ജില്ലകളില്‍ അധിക സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇൗ അധ്യയന വര്‍ഷം ഒരു കുട്ടിക്കുപോലും പഠനം നഷ്ടപ്പൊത്ത വിധം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതായും ബാച്ചുകള്‍ വേണ്ടെന്ന തീരുമാനത്തിന് കാരണമായി ഉത്തരവില്‍ പറയുന്നു.
2014 -15 വര്‍ഷങ്ങളില്‍ അനുവദിച്ചതും മതിയായ കുട്ടികളില്ലാത്തതുമായ ബാച്ചുകള്‍ നിര്‍ത്തലാക്കി പകരം സീറ്റ് കുറവുള്ള മലബാര്‍ മേഖലയില്‍ ബാച്ചുകള്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് തല്ക്കാലം നടപ്പാക്കേണ്ടെന്ന് പിന്നീട് ഭേദഗതി വരുത്തി ഉത്തരവിറക്കിയിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം 167 ബാച്ചുകള്‍ ആവശ്യമാണെന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം മുന്‍വര്‍ഷങ്ങളിലെ അപേക്ഷകരുടെ എണ്ണവും പ്രവേശനവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചതോടെ ഇഷ്ട സ്കൂളിനും വിഷയ കോമ്പിനേഷനും വേണ്ടി വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുമ്പോളാണ് പുതിയ ബാച്ചുകള്‍ വേണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.