ഫ്രാന്‍സില്‍ അന്തര്‍വാഹിനി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓസ്ട്രേലിയന്‍ പൗരന്മാര്‍ ആശങ്കയുടെ നടുവില്‍

ഫ്രാന്‍സില്‍ അന്തര്‍വാഹിനി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓസ്ട്രേലിയന്‍ പൗരന്മാര്‍ ആശങ്കയുടെ നടുവില്‍

പാരിസ്: ഓസ്‌ട്രേലിയയും അമേരിക്കയും യു.കെയും ചേര്‍ന്ന് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യത്തിന്റെ അനന്തരഫലമായി വമ്പന്‍ ഡീസല്‍ അന്തര്‍വാഹിനി കരാര്‍ അപ്രതീക്ഷിതമായി നഷ്ടമായതിന്റെ ക്ഷീണത്തില്‍നിന്ന് ഫ്രാന്‍സ് ഇനിയും മുക്തമായിട്ടില്ല. 90 ബില്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കിയ തീരുമാനത്തിനെതിരേ പ്രാദേശികമായി വലിയ രോഷമാണ് ഓസ്‌ട്രേലിയയ്ക്ക് എതിരേ ഫ്രാന്‍സില്‍ ഉയരുന്നത്. ഇവിടെ ജീവിക്കുന്ന നിരവധി ഓസ്ട്രേലിയന്‍ പൗരന്മാര്‍ തൊഴില്‍ നഷ്ടമാകുമെന്ന ഭയത്തിലാണ്.

ഫ്രാന്‍സിലെ തുറമുഖ നഗരമായ ചെര്‍ബൂര്‍ഗില്‍, മുങ്ങിക്കപ്പലുകളുടെ ഡിസൈന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് ഈ അപ്രതീക്ഷിത നീക്കമുണ്ടായത്. 90 ബില്യണ്‍ ഡോളര്‍ കരാര്‍ ഇല്ലാതായതോടെ നിരവധി തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായി.

ചെര്‍ബൂര്‍ഗിലെ പ്രതിരോധ ടീമില്‍ 33 ഓസ്ട്രേലിയക്കാരാണ് ജോലി ചെയ്യുന്നത്. ഇവര്‍ ഉള്‍പ്പെടെ മുങ്ങിക്കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജോലി ചെയ്തിരുന്ന അറുനൂറോളം പേരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.

'ഈ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു'-ചെര്‍ബൂര്‍ഗിലെ ഫ്രാന്‍സ് നേവല്‍ ഗ്രൂപ്പ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഓസ്‌ട്രേലിയന്‍ പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യ പറഞ്ഞു. പുതിയൊരു അന്തര്‍വാഹിനി പദ്ധതിയിലേക്കു മാറാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചതായി കേട്ടപ്പോള്‍ ആശ്ചര്യവും അതേസമയം വലിയ നിരാശയും അനുഭവപ്പെട്ടതായി അവര്‍ പറഞ്ഞു.

ഞാനും എന്റെ ഭര്‍ത്താവും ഇവിടെ ഏറെ സന്തുഷ്ടരായിരുന്നു. ജീവിതം ക്രമീകരിച്ചുവരികയായിരുന്നു. ഇനിയിപ്പോള്‍ തിരിച്ചുമടങ്ങേണ്ടി വരും. വളരെ നിരാശയും അസ്വസ്ഥതയും തോന്നുന്നു-അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥ പറഞ്ഞു. 'ചെര്‍ബൂര്‍ഗ് ഒരു ചെറിയ പട്ടണമാണ്, നിരവധി പേര്‍ക്ക് ഇവിടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ക്രിസ്മസിനു മുന്‍പ് ഞങ്ങള്‍ ഓസ്ട്രേലിയയിലേക്കു മടങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ അതു പ്രായോഗികമാകണമെന്നുമില്ല.

ഫ്രാന്‍സുമായുള്ള അന്തര്‍വാഹിനി കരാറുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ 2019 ഫെബ്രുവരിയില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി സംസാരിക്കുന്നു. സമീപം ഓസ്‌ട്രേലിയന്‍ മുന്‍ പ്രതിരോധ മന്ത്രി ക്രിസ്റ്റഫര്‍ പൈനും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും (ഫയല്‍ ചിത്രം)

12 മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാനാണ് ഓസ്‌ട്രേലിയ ഫ്രഞ്ച് ഉടമസ്ഥതയിലുള്ള നേവല്‍ ഗ്രൂപ്പുമായി ധാരണയിലെത്തിയിരുന്നത്. 2016-ലാണ് കരാറില്‍ ഒപ്പുവെച്ചത്. പുതിയ കരാര്‍ പ്രകാരം അമേരിക്കയുടെയും യു.കെയുടെയും സഹായത്തോടെ ഓസ്‌ട്രേലിയ ആണവ മുങ്ങിക്കപ്പല്‍ സ്വന്തമായി നിര്‍മിക്കും. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കത്തോട് ഫ്രാന്‍സ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങിലെ അംബാസഡര്‍മാരെ തിരിച്ചുവിളിക്കുന്ന അസാധാരണമായ നടപടി സ്വീകരിക്കുകയും ചെയ്തു.

ചെര്‍ബൂര്‍ഗിലുള്ള ഓസ്‌ട്രേലിയന്‍ ജീവനക്കാരുടെ ക്ഷേമം വളരെ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അവരുടെ തൊഴില്‍ സുരക്ഷയ്ക്കു വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.