ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു ഡോക്ടറെ കാണാൻ പോയത് ഇന്നും ഓർമ്മയിലുണ്ട്. പരിശോധനക്കു ശേഷം അവർ മരുന്നുകൾ കുറിച്ചു. കന്യാസ്ത്രിയായിരുന്ന ആ ഡോക്ടർ മരുന്നിനോടൊപ്പം ഒരു ദൈവ വചനവും കുറിച്ചു തന്ന് പറഞ്ഞു: "അച്ചാ ഇവിടെ വരുന്ന എല്ലാവർക്കും ജാതിമത ഭേദമന്യേ ഞാൻ വചനം കുറിച്ച് നൽകാറുണ്ട്. അതു കൊണ്ട് അച്ചനും ഇങ്ങനെ തരുന്നത്കൊണ്ട് കുഴപ്പമില്ലല്ലോ?" "സന്തോഷമേയുള്ളൂ ... ഞാൻ ചിരിച്ചു എന്നു മുതലാണ് ഇങ്ങനെയൊരു ശീലം തുടങ്ങിയത്?" ഞാൻ അന്വേഷിച്ചു.. "എനിക്ക് ലഭിച്ച പ്രചോദനമനുസരിച്ചാണ് ഞാനിത് ചെയ്തു തുടങ്ങിയത്. ആദ്യമെല്ലാം ഉള്ളിൽ ഭയമുണ്ടായിരുന്നു. പ്രത്യേകിച്ച് ക്രിസ്ത്യാനികളല്ലാത്തവർക്ക് നൽകുമ്പോൾ. എന്നാൽ എന്നെ അതിശയിപ്പിച്ചു കൊണ്ട് അവരിൽ പലരും പിന്നീട് എന്നെക്കാണാൻ വരുമ്പോൾ വചനം ചോദിച്ചു വാങ്ങുന്നത് പതിവായി. ഞാനല്ല, കർത്താവാണ് സൗഖ്യം നൽകുന്നതെന്ന് എനിക്കുറച്ച ബോധ്യമുണ്ട്. അവിടുത്തെ വചനം എന്നാൽക്കഴിയും വിധം പങ്കു വയ്ക്കുക എന്നത് എന്റെ ദൗത്യവുമാണ് ...അതുകൊണ്ട് ഏറെ സന്തോഷത്തോടെ ഇന്നും ഞാനീ ദൗത്യം തുടരുന്നു...."ആ സിസ്റ്ററെക്കുറിച്ച് എനിക്ക് അഭിമാനം തോന്നി. വിളിച്ച നാഥനോടും വിളിയോടും വിശ്വസ്തത പുലർത്തി സാധിക്കുന്ന അവസരങ്ങളിലെല്ലാം ദൈവവചനം പങ്കു വയ്ക്കുന്നത് എത്ര മഹത്കരമായ കാര്യമാണ്. വചനം പങ്കുവയ്ക്കുക വചനാധിഷ്ഠിതമായ് ജീവിക്കുക എന്നിവ ഏതൊരു ക്രിസ്ത്യാനിയുടെയും പ്രാഥമിക ദൗത്യമാണ്. അതാണ് അവരുടെ ദൈവവിളിയും. എന്നാൽ നമ്മിൽ എത്രപേർ ലജ്ജ കൂടാതെ വചനം പറയാനും പങ്കുവയ്ക്കാനും മുതിരുന്നു എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് ക്രിസ്തുവിന്റെ വിളി സ്വീകരിച്ച ചുങ്കക്കാരൻ മത്തായി നമുക്ക് മാതൃകയാകുന്നത്. ചുങ്കക്കാരനായിട്ടു പോലും തന്നെ ക്രിസ്തു വിളിച്ചു എന്നത് അദ്ദേഹത്തിന് ആനന്ദം പകരുന്ന ഒന്നായിരുന്നു. യഹൂദർ ചുങ്കക്കാരെ കഠിനമായ വെറുത്തിരുന്ന കാര്യം നമ്മൾ മനസിലാക്കിയാലെ യഹൂദക്രൈസ്തവർക്കു വേണ്ടി സുവിശേഷമെഴുതിയ മത്തായി ശ്ലീഹായുടെ മഹിമ നാം മനസിലാക്കൂ. താൻ ആരായിരുന്നെന്നും തന്റെ വിളി എന്താണെന്നും അറിയുന്ന വ്യക്തിയായിരുന്നു മത്തായി ശ്ലീഹ. അതുകൊണ്ടാണ് "ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്" (മത്തായി 9 : 12-13) എന്ന ക്രിസ്തു വചനത്തിന് അദ്ദേഹം ഊന്നൽ നൽകിയത്. നമ്മൾ ആരായിരുന്നു എന്നതല്ല മറിച്ച്, ക്രിസ്തുവിന്റെ വിളി സ്വീകരിച്ച നമ്മൾ ക്രിസ്തുവിനുവേണ്ടി എന്തു ചെയ്യുന്നു എന്നതാണ് പ്രാധാന്യം. വി.മത്തായി ശ്ലീഹായുടെ തിരുനാൾ മംഗളങ്ങൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26