സ്‌പെയിന്‍കാരുടെ ആട്ടിടയനായ വിശുദ്ധ തോമസ് വില്ലനോവ

സ്‌പെയിന്‍കാരുടെ ആട്ടിടയനായ വിശുദ്ധ തോമസ് വില്ലനോവ

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 22

സ്‌പെയിനിലെ കാസ്റ്റീലിലുള്ള ഒരു ധനിക കുടുംബത്തില്‍ 1488 ലായിരുന്നു തോമസിന്റെ ജനനം. വിദ്യാഭ്യാസം വില്ലനോവയില്‍ ആയിരുന്നതു കൊണ്ടാണ് പേരിനൊപ്പം വില്ലനോവ എന്ന നാമധേയമുണ്ടായത്. മാതാപിതാക്കള്‍ തോമസിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം എന്നാണ്. ജീവിതം മുഴുവന്‍ ദൈവമാതാവിനോട് തോമസിന് വലിയ ഭക്തിയുണ്ടായിരുന്നു.

മാതാപിതാക്കള്‍ക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളര്‍ന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങള്‍ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങള്‍ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലന്‍ അത് സാധുക്കള്‍ക്ക് ദാനം ചെയ്ത് അല്‍പ വസ്ത്ര ധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കള്‍ മുഴുവന്‍ അദ്ദേഹം നിരാലംബരായ സ്ത്രീകള്‍ക്ക് വേണ്ടി ചിലവഴിച്ചു.

ഇരുപത്താറാം വയസില്‍ പഠനം പൂര്‍ത്തിയാക്കിയ തോമസ് അല്‍ക്കാലയിലെ ഒരു സ്‌കൂളില്‍ അധ്യാപകനായി സേവനം തുടങ്ങി. 1516 ല്‍ വില്ലനോവയില്‍ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സെമിനാരിയില്‍ ചേര്‍ന്നു. 1520 ല്‍ വൈദികപട്ടം സ്വീകരിച്ചു. സലമാങ്ക, ബുര്‍ഗോഡ്, വല്ലഡോയിസ് എന്നിവിടങ്ങളില്‍ സഭയുടെ സുപ്പീരിയറായിരുന്നു. 1545 ല്‍ വലെന്‍സിയായിലെ ആര്‍ച്ചുബിഷപ്പായി.

തന്റെ സ്ഥാനം അദ്ദേഹം ആത്മാക്കളുടെ രക്ഷയ്ക്കായും പാവങ്ങളുടെ ഉന്നമനത്തിനായും ഉപയോഗിച്ചു. ആര്‍ച്ചുബിഷപ്പായതിനു ശേഷം തന്റെ പഴയ വസ്ത്രങ്ങള്‍ തന്നെത്താന്‍ തയ്ച്ചു ശരിയാക്കുന്നതു കണ്ട ഒരു സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു. ' ഒരു നിസാര തുകയ്ക്ക് അത് ആരെങ്കിലും തയ്ച്ചു തരുമല്ലോ?'. ' ആ നിസാര തുക ഏതെങ്കിലും ദരിദ്രന് നല്‍കിക്കൂടെ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബുധനാഴ്ചയും വെള്ളിയാഴ്ചയും അല്‍പം റൊട്ടിയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. ദിവസം തോറും അദ്ദേഹത്തിന്റെ അടുക്കല്‍ നിരവധി ദരിദ്രര്‍ വരുമായിരുന്നു. അവര്‍ക്ക് എന്തെങ്കിലും അദ്ദേഹം നല്‍കുകയും ചെയ്യുമായിരുന്നു. മരണസമയത്ത് അദ്ദേഹത്തെ കിടത്താനായി താന്‍ തന്നെ ദാനം ചെയ്ത ഒരു കട്ടില്‍ തിരിച്ചു കൊണ്ടുവരേണ്ടി വന്നുവെന്ന് പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടു മുതല്‍ അദ്ദേഹം 'സ്‌പെയിന്‍കാരുടെ ആട്ടിടയന്‍' എന്ന പേരില്‍ അറിയപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമന്‍ കന്യകകളായ ഡിഗ്‌നായും എമേരിത്തയും

2. രാറ്റിബ്‌സന്‍ ബിഷപ്പായിരുന്ന എമ്മെരാമൂസ്

3. എക്‌സുപ്പേരിയൂസ്, വിത്താലിസ്,. ഇന്നസെന്റ്, മൗറിസ് വിക്ടര്‍, കാന്റിഡൂസ്

4. ഫെലിക്‌സ് തൃതീയന്‍ പാപ്പാ

5. ഫ്‌ളോറെന്‍സിയൂസ്

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.