'തീവ്രവാദികളെ തള്ളിപ്പറയാന്‍ ഇസ്ലാം മത നേതൃത്വം തയ്യാറായാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ': വൈദികന്റെ ലേഖനം വൈറല്‍

 'തീവ്രവാദികളെ തള്ളിപ്പറയാന്‍ ഇസ്ലാം മത നേതൃത്വം തയ്യാറായാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ': വൈദികന്റെ ലേഖനം വൈറല്‍

കൊച്ചി: ലൗ ജിഹാദിനെക്കുറിച്ചും നാര്‍ക്കോട്ടില്‍ ജിഹാദിനെക്കുറിച്ചും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് ചര്‍ച്ചയായ സാഹചര്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോഷി മയ്യാറ്റില്‍ എഴുതിയ ലേഖനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.

മതമൗലിക വാദികളെയും തീവ്ര വാദികളെയും തള്ളിപ്പറഞ്ഞ് അവര്‍ക്കെതിരേ നടപടിയെടുത്ത് അവരെ തിരുത്താന്‍ ഇസ്ലാം മത നേതൃത്വം തയ്യാറായാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഇവിടെയുള്ളൂവെന്ന് ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. അപ്രകാരം ചെയ്താല്‍ അത് മുസ്ലീം സമുദായത്തോടും കേരള ജനതയോടും കാണിക്കുന്ന ഏറ്റവും ഉത്തരവാദിത്തപരമായ നിലപാടായിരിക്കുമെന്നും ഫാ.ജോഷി മയ്യാറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

ഫാ. ജോഷി മയ്യാറ്റില്‍ തയ്യാറാക്കിയ ലേഖനത്തില്‍ നിന്ന്:

'തീവ്രവാദത്തിനു മതമില്ല'... തികച്ചും യുക്തിഭദ്രമായ ഈ പ്രഖ്യാപനം സമസ്തയുള്‍പ്പെടെയുള്ള പല കോണുകളില്‍ നിന്നും ഈയിടെ ഉയര്‍ന്നു കേട്ടു. ഇസ്ലാമുമായി ബന്ധമില്ലാത്തവരാണ് തീവ്രവാദികള്‍ എന്ന് 2014 ല്‍ നൂറ്റിയിരുപത്താറോളം ഇമാമുമാരുടെയും മതപണ്ഡിതരുടെയും അന്തര്‍ദ്ദേശീയ യോഗം സൗദി അറേബ്യയില്‍ ചേര്‍ന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാളയം ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ ടിവി ചര്‍ച്ചയില്‍ വ്യക്തമാക്കുന്നത് കണ്ടു. ഇസ്ലാമില്‍ ജിഹാദേ ഇല്ല എന്ന പ്രസ്താവന കാന്തപുരം അബുബക്കറുടേതായും വായിക്കാന്‍ ഇടയായി. അങ്ങനെ, ഇസ്ലാമിന്റെപേരില്‍ കേരള സമൂഹത്തില്‍ അസ്വസ്ഥത വിതയ്ക്കുന്നവര്‍ ഇസ്ലാം മതവുമായി ഒരു ബന്ധവും ഇല്ലാത്തവരാണെന്ന് ഇപ്പോള്‍ ഒന്നിനു പുറകേ ഒന്നായി വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

നേരത്തേതന്നെ പലരും പറഞ്ഞത്

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നാസര്‍ ഫൈസിയും തെരുവില്‍ നായയെ വെട്ടിപരിശീലിക്കുന്ന മുസ്ലിം യുവാക്കളെക്കുറിച്ച് മുന്‍ ലീഗ്് എംഎല്‍എ കെ.എം. ഷാജിയും (ആഴത്തിലുള്ള മുറിവുകളുമായി തെരുവിലലയുന്ന നായ്ക്കളെക്കുറിച്ച് ഈ ദിവസങ്ങളിലും വാര്‍ത്താമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്) തീവ്രസ്വഭാവമുള്ള യുവാക്കളെ മഹല്ലില്‍നിന്ന് പുറത്താക്കണമെന്ന് പന്തല്ലൂരിലെ സത്താറും ഇത്തരക്കാര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊടുക്കരുതെന്ന് പി.കെ. ഫിറോസും വിദേശ ഫണ്ടിങ് സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ കേരളത്തിലുണ്ടെന്ന് ലീഗ് എംഎല്‍എ എം.കെ. മുനീറും നേരത്തേ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്.

ഇനി ചെയ്യാനുള്ളത്...

ഇസ്ലാം മതനേതൃത്വങ്ങള്‍ ഇങ്ങനെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ സ്ഥിതിക്ക് കേരളത്തിലെ സാമുദായിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട് എന്നുറപ്പായി. മതമൗലിക വാദമാണ് തീവ്രവാദത്തിലേക്കും ഭീകര പ്രവര്‍ത്തനത്തിലേക്കും ക്രമേണ നീങ്ങുന്നത്. അതിനാല്‍, നാട്ടിലെ മതമൗലികവാദ പ്രവണതകള്‍ക്കു തടയിടാന്‍ കഴിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ കേരളത്തിലുള്ളൂ. മതമൗലിക വാദികളെയും തീവ്ര വാദികളെയും തള്ളിപ്പറഞ്ഞ് അവര്‍ക്കെതിരേ നടപടിയെടുത്ത് അവരെ തിരുത്താന്‍ ഇസ്ലാം മത നേതൃത്വം തയ്യാറായാല്‍ അത് മുസ്ലീം സമുദായത്തോടും കേരള ജനതയോടും കാണിക്കുന്ന ഏറ്റവും ഉത്തരവാദിത്തപരമായ നിലപാടായിരിക്കും.

കേരളത്തില്‍ നിലവിലുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനവരെ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞ ഭീകരവാദത്തിന്റെ സ്ലീപിങ്ങ് സെല്ലുകളെ നിര്‍വീര്യമാക്കാന്‍ ആ നിലപാട് സഹായിക്കും. ഒപ്പം, നിലവിലുള്ള അന്തര്‍ദേശീയ ഭീകരക്കണ്ണികളെ പൊട്ടിച്ചെറിയാനും നര്‍ക്കോട്ടിക് മാഫിയയെ തകര്‍ക്കാനും അത് ഇടയാക്കും. നമ്മുടെ യുവതീയുവാക്കള്‍ മറ്റിടങ്ങളില്‍ കൊല്ലപ്പെടുകയോ തടവിലാകുകയോ വഴിയാധാരമാകുകയോ ചെയ്യുന്ന ഇന്നത്തെ അവസ്ഥയും ഇല്ലാതാകും.

കൊമ്പുള്ള പ്രസ്ഥാനങ്ങളും കേന്ദ്രങ്ങളും വ്യക്തികളും?!

ഒന്നാമതായി ജനാധിപത്യ ഭാരതത്തില്‍ ശരിഅത്ത് ഭരണം കൊണ്ടുവരാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയും കേരള സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ഉദ്യോഗസ്ഥ മണ്ഡലങ്ങളില്‍ പണമിറക്കിയും വിലയേറിയ ഈന്തപ്പഴങ്ങളും വിമാനടിക്കറ്റുകളും മറ്റു സമ്മാനങ്ങളും കൊണ്ട് സ്വാധീനമുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയെ ആത്മാര്‍ത്ഥമായി തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും കേരളത്തിലെ ഇസ്ലാം മതപണ്ഡിതര്‍ മുന്നോട്ടു വരണം.

ഇക്കൂട്ടരുടെ തീവ്രമുഖം തിരിച്ചറിയാതെ ഇവരുമായി കൈകോര്‍ത്ത്, ചിറകെരിഞ്ഞ ഈയാംപാറ്റകളായി ചുരുങ്ങുന്ന കേരളത്തിന്റെ സാംസ്‌കാരിക നായകന്മാരെയും രാഷ്ട്രീയക്കാരെയും വേണ്ടവിധം ബോധവത്കരിക്കാന്‍ ഇസ്ലാംമത നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും മാത്രമേ കഴിയൂ. ഒപ്പം,ജമാ അത്തെ ഇസ്ലാമിയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കണം. ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളില്‍ നേതൃസ്ഥാനത്തുണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകളില്‍ സൗദി ഫണ്ടിങിനെക്കുറിച്ച് പരാമര്‍ശമുള്ളത് ഇതുവരെ ഉത്തരവാദിത്തപ്പെട്ടവരാരും കേട്ടതായി ഭാവിക്കാത്തത് എന്തുകൊണ്ടായിരിക്കാം?

കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ നിരന്തരം സൃഷ്ടിക്കുകയും മറ്റു മതസ്ഥരെ അവഹേളിക്കുകയും താലിബാന്റെ കാട്ടാളത്തത്തെ സ്വാതന്ത്ര്യ സമരമാക്കി വാര്‍ത്ത കൊടുക്കുന്നതുപോലുള്ള വര്‍ഗീയ വിഷം ചീറ്റല്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ജിഹ്വകളായ മാധ്യമവും മീഡിയാ വണ്ണും ഇസ്ലാംമതവുമായി പുലബന്ധമില്ലാത്തതാണെന്നു പ്രഖ്യാപിക്കാനും അവയ്‌ക്കെതിരേ നിലകൊള്ളാനും നേതാക്കള്‍ തയ്യാറാകണം.

രണ്ടാമതായി, കേരളത്തിലുള്ള മതമൗലികവാദ കേന്ദ്രങ്ങളും തീവ്രവാദ പ്രസ്ഥാനങ്ങളും അനിസ്ലാമികം എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെടണം.സത്യസരണി, പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, നീച്ചെ ഓഫ് ട്രൂത്ത് എന്നിവയുടെ ചരിത്രം അത്തരം പ്രഖ്യാപനത്തെ ശരിവയ്ക്കുക തന്നെ ചെയ്യും.

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട കേരള ഭീകരന്‍ അബ്ദുള്‍ റഷീദ്, അയാളോടൊപ്പം അഫ്ഗാന്‍ ഭീകര സംഘത്തിലേക്ക് ചേക്കേറിയ മതംമാറ്റപ്പെട്ട ഭാര്യ സോണിയ സെബാസ്റ്റ്യന്‍, മതംമാറ്റപ്പെട്ട് ഭീകര പ്രവര്‍ത്തനത്തിനായി പോയി ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത മെറിന്‍ എന്നിവര്‍ എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സ്റ്റാഫായിരുന്നു എന്നത് നിസാരമായി കാണാവുന്ന ഒരു വിഷയമല്ല. മാത്രമല്ല, സോണിയ സെബാസ്റ്റ്യന്‍ ഇസ്ലാംമതം സ്വീകരിച്ചതിനുശേഷം ഒരു വേദിയില്‍ വച്ചു നടത്തുന്ന ജീവിത സാക്ഷ്യത്തിന്റെ വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത് നീച്ചേ ഓഫ് ട്രൂത്ത് എന്ന മൗലികവാദ പ്രസിദ്ധീകരണ ഗ്രൂപ്പാണ്.

പിന്നീട് സോണിയ സെബാസ്റ്റ്യന്റേതായ ഒരു വീഡിയോ നമ്മള്‍ കണ്ടത് ഭീകര പ്രവര്‍ത്തകയായ അവളെ എന്‍ഐഎ ചോദ്യം ചെയ്യുന്നതായിട്ടാണ്. ഇതിനിടയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും മതം മാറ്റത്തിലും ഭീകര പ്രവര്‍ത്തനത്തിലും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെയും നീച്ചേ ഓഫ് ട്രൂത്തിന്റെയും പങ്ക് എന്തെന്നും സര്‍ക്കാര്‍ അന്വേഷിക്കേണ്ടതല്ലേ?

പ്രതിലോമകരങ്ങളായ ഇത്തരം കേന്ദ്രങ്ങളെയും പ്രസ്ഥാനങ്ങളെയും തള്ളിപ്പറയാന്‍ ഇസ്ലാം മതനേതൃത്വവും വിശ്വാസികളും കൂടുതല്‍ ആര്‍ജവം കാണിക്കണം. കൂടാതെ പോപ്പുലര്‍ ഫ്രണ്ടും പിഡിപിയും എസ്ഡിപിഐയും ഇസ്ലാമുമായി ബന്ധമില്ലാത്ത പ്രസ്ഥാനങ്ങളാണെന്ന് പൊതുസമൂഹത്തെ ഫലപ്രദമാംവിധം അറിയിക്കാനും ഇസ്ലാം മത നേതൃത്വം തയ്യാറാകണം.

മൂന്നാമതായി, പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെയും നീച്ചേ ഓഫ് ട്രൂത്തിന്റെയും സ്ഥാപകനും രണ്ടാം ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്കുപോലും മതതീവ്രവാദം വിളമ്പുന്നവനുമായ എം.എം. അക്ബര്‍ (ഭീകരന്‍ സക്കീര്‍ നായിക്കിന്റെ ശിഷ്യന്‍),മറ്റു മതങ്ങളെ നിരന്തരം ആക്രമിക്കുകയും മറ്റു വിശ്വാസ സംഹിതകളെ അവഹേളിക്കുകയും ചെയ്യുന്ന മുജാഹിദ് ബാലുശ്ശേരി, പോപ്പുലര്‍ ഫ്രണ്ടിന് ഭാരതത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള കണക്ക് ഉപദേശിച്ചുകൊടുക്കുന്ന ഫസല്‍ ഗഫൂര്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടവിലായിരിക്കുന്ന അബ്ദുള്‍ നാസര്‍ മദനി, ഹഗിയാ സോഫിയാ കത്തീഡ്രല്‍ മോസ്‌കാക്കി മാറ്റിയ എര്‍ദോഗന്റെ കിരാത പ്രവൃത്തിയെ അനുകൂലിച്ച് മുസ്ലീംലീഗിന്റെ ജിഹ്വയായ ചന്ദ്രിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ കേരളത്തിന്റെ മതേതരാന്തരീക്ഷത്തിന് അപരിഹാര്യമാംവിധം കേടുവരുത്തിയ സാദിഖലി തങ്ങള്‍, താലിബാന്‍ തീവ്രവാദത്തെ സര്‍വാത്മനാ പിന്തുണച്ചുകൊണ്ട് കേരള ജനതയുടെ നീതിബോധത്തെയും സാമാന്യ ബോധത്തെയും കൊഞ്ഞനംകുത്തിക്കൊണ്ട് ഇവിടെയുള്ള മൗലിക വാദികള്‍ക്കും തീവ്രവാദികള്‍ക്കും ഉണര്‍വു പകരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള എന്നിവര്‍ മുസ്ലീങ്ങളല്ല എന്നു തെളിച്ചുപറഞ്ഞ് അവരെ തിരുത്താനും കേരളത്തിന്റെ സാമൂഹികാരോഗ്യം സംരക്ഷിക്കാനും ബഹുമാന്യരായ ഇസ്ലാം മതനേതൃത്വം തയ്യാറാകണം.

അനിവാര്യം സാത്വിക സ്വരം

'നല്ലവരുടെ നിശ്ശബ്ദത ദുഷ്ടരുടെ ക്രൂരതയെക്കാള്‍ കൂടുതല്‍ അപകടകരമാണ്' എന്നു കുറിച്ചത് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങാണെന്നാണ് ഓര്‍മ. നൂറുവര്‍ഷം മുന്‍പ് മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ നിശ്ശബ്ദത ഭഞ്ജിച്ച ചില നല്ലവരുടെ ഒരു പ്രസ്താവന വായിക്കാന്‍ ഇന്നലെ എനിക്ക് ഇടയായി. 1921 സെപ്റ്റംബര്‍ 21-നു പ്രസിദ്ധീകരിച്ച ഹസ്രത് മൗലാനാ അബ്ദുള്‍ ബാരിയും മൗലാനാ ആസാദ് സുബാനിയും ചേര്‍ന്നു തയ്യാറാക്കിയ സംയുക്ത പത്രിക ദി ഹിന്ദു ദിനപ്പത്രം ഇന്നലെ പുന:പ്രസിദ്ധീകരിച്ചു. അതില്‍ ഒരു ഭാഗം ഇങ്ങനെയാണ്:

'ഹിന്ദുക്കളെ ഇസ്ലാംമതം സ്വീകരിക്കാന്‍ ബലപ്രയോഗം നടത്തുന്ന മാപ്പിളമാരുടെ വെറുപ്പുളവാക്കുന്ന പ്രവൃത്തികളെക്കുറിച്ചുള്ള വാര്‍ത്തകളോടുള്ള പ്രതികരണം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സുവ്യക്തമായി ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു: മതത്തിന്റെ പേരില്‍, ഭ്രാന്തരായ ചില മാപ്പിളമാര്‍ ഹിന്ദു സഹോദരങ്ങളോട് ചെയ്ത ഇത്തരം തെറ്റായ നടപടികള്‍ പരസ്യമായ ക്രൂരതയും അനിസ്ലാമികവുമാണ്'.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.