മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ലോക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കുന്നു. വിക്‌ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മെല്‍ബണിലെ പ്രശസ്തമായ യുദ്ധസ്മാരകത്തിനു (Shrine of Remembrance) മുന്നില്‍ നൂറുകണക്കിന് പ്രക്ഷോഭകരും സായുധരായ പോലീസും ഏറ്റുമുട്ടി. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. നിരവധി പേരെ അറസ്റ്റ് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ലോക്ഡൗണ്‍ വിരുദ്ധ ചിഹ്നങ്ങളുമായി ദേശീയഗാനം ആലപിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ യുദ്ധസ്മാരകത്തിനു മുന്നില്‍ ഒത്തുകൂടിയത്. പോലീസ് ഇവര്‍ക്കു ചുറ്റും വലയം തീര്‍ത്ത് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.
വിക്ടോറിയ പോലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം, സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി മെല്‍ബണിലെ സി.ബി.ഡി മേഖലയെ ഇന്ന് ഉച്ചകഴിഞ്ഞ് നോ ഫ്‌ളൈ സോണായി ആയി പ്രഖ്യാപിച്ചു. വാര്‍ത്താ ടെലിവിഷന്റെ ഹെലികോപ്റ്ററുകള്‍ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് വിലക്കി. പോലീസ് ഹെലികോപ്റ്ററുകള്‍ക്കു മാത്രമാണ് ഇവിടെ പ്രവേശിക്കാന്‍ അനുവാദം ലഭിച്ചത്.
മെല്‍ബണിലെ യുദ്ധസ്മാരകത്തിനു മുന്നില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍
സിബിഡിയുടെ റോഡുകളിലൂടെ ചെറിയ സംഘങ്ങളായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. ഇത് വലിയ തോതിലുള്ള സംഘര്‍ഷം ഒഴിവാക്കി. വിക്ടോറിയ മാര്‍ക്കറ്റിലൂടെയും എലിസബത്ത് സ്ട്രീറ്റിലൂടെയും പ്രതിഷേധക്കാര്‍ പതാകകള്‍ ഏന്തി മുദ്രവാക്യം വിളികളുമായി നടന്നു. പോലീസ് എത്തിയപ്പോള്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. എലിസബത്ത് സ്ട്രീറ്റിലുടനീളം നൂറുകണക്കിന് ആയുധധാരികളായ പോലീസുകാരെ വിന്യസിച്ചിരുന്നു.
മെല്‍ബണിലെ യുദ്ധസ്മാരകത്തിനു മുന്നില്‍ പ്രക്ഷോഭകരെ നേരിടാനുള്ള സന്നാഹങ്ങളുമായി പോലീസ്.
ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുത്ത 62 പേരെ അറസ്റ്റ് ചെയ്തു. സമരം തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ പ്രതിഷേധക്കാരിലൊരാള്‍ വലിച്ചെറിഞ്ഞ ജ്യുസിന്റെ ക്യാന്‍ കൊണ്ട് മാധ്യമപ്രവര്‍ത്തകന്റെ തലയ്ക്കു പരുക്കേറ്റു.
കഴിഞ്ഞ 18-ന് ലോക്ഡൗണിനെതിരേ ഓസ്ട്രേലിയയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാകുകയും നിരവധി പോലീസുകാര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബന്‍, ബൈറണ്‍ ബേ, പെര്‍ത്ത് എന്നീ നഗരങ്ങളിലാണ് കനത്ത പോലീസ് സന്നാഹത്തെ അവഗണിച്ച് ആയിരത്തിലധികം പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.
ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിലുപരി പോലീസിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടുന്നതെന്ന വാദത്തില്‍ പോലീസ് ഉറച്ചുനില്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.