പെര്‍ത്തില്‍ ക്വാറന്റീന്‍ ലംഘിച്ച മൂന്നു പേര്‍ അറസ്റ്റില്‍; പിടികൂടിയത് ഫോണ്‍ ട്രാക്ക് ചെയ്ത്

പെര്‍ത്തില്‍ ക്വാറന്റീന്‍ ലംഘിച്ച മൂന്നു പേര്‍ അറസ്റ്റില്‍; പിടികൂടിയത് ഫോണ്‍ ട്രാക്ക് ചെയ്ത്

പെര്‍ത്ത്: ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്ത് പോലീസ്. പെര്‍ത്തില്‍ ക്വാറന്റീനില്‍ കഴിയവേ രക്ഷപ്പെട്ട ദമ്പതികളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പോലീസ് ഇരുവരെയും പിടികൂടിയത്. പെര്‍ത്തില്‍നിന്ന് 800 കിലോമീറ്ററിലധികം അകലെ ഗോള്‍ഡ്ഫീല്‍ഡിലെ ഒരു വിദൂരപ്രദേശത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ക്വീന്‍സ് ലാന്‍ഡില്‍നിന്ന് പെര്‍ത്തിലെത്തിയ 48 വയസുകാരനായ മൈക്കല്‍ ബാംഫോര്‍ട്ടും റേച്ചല്‍ മേരി ജോണ്‍സണുമാണ് 14 ദിവസത്തേക്ക് ഹോട്ടലില്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച പോലീസ് പരിശോധിച്ചപ്പോള്‍ ഇരുവരും ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നില്ല.

ബുധനാഴ്ച്ച ഗോള്‍ഡ്ഫീല്‍ഡ്സ് ഹൈവേയിലൂടെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്. കല്‍ഗൂര്‍ലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് രണ്ട് കേസുകള്‍ ചുമത്തി. കോവിഡ് പരിശോധനാ ഫലം സമര്‍പ്പിക്കുന്നതിലും വീഴ്ച്ച വരുത്തിയതായി കോടതി കണ്ടെത്തി.

ഹോട്ടലില്‍ 14 ദിവസത്തെ താമസച്ചെലവ് വഹിക്കാനുള്ള പണമില്ലെന്ന് ബാംഫോർട്ട് പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഈ കാരണത്താലാണ് ക്വീന്‍സ് ലാന്‍ഡിലേക്ക് അനധികൃതമായി മടങ്ങാന്‍ ശ്രമിച്ചത്. ഇവര്‍ കാറില്‍ കയറുന്നതിന് മുന്‍പ് ബസില്‍ സഞ്ചരിച്ചതായും കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചയോടെ ലഭിച്ച ദമ്പതികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

ദമ്പതികളുടെ പ്രവൃത്തി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ ജനതയുടെ ആരോഗ്യത്തെ അപകടത്തിലാക്കിയതായി കുറ്റപ്പെടുത്തിയ കോടതി ജാമ്യം നിഷേധിച്ചു. ഒക്ടോബര്‍ ആറിന് കോടതിയില്‍ വീണ്ടും ഹാജരാകണം.

ക്വീന്‍സ് ലാന്‍ഡില്‍നിന്ന് ഇന്നലെ പെര്‍ത്തിലെത്തിയ 29 കാരിക്കെതിരേയും ക്വാറന്റീന്‍ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. പെര്‍ത്ത് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കുന്ന എഎഫ്എല്‍ ഗ്രാന്‍ഡ് ഫൈനലില്‍ പങ്കെടുക്കാനാണ് യുവതി എത്തിയത്. 14 ദിവസം ക്വാറന്റീനിന്‍ പോകേണ്ടതിനാല്‍ അത് സാധ്യമല്ലെന്നു പോലീസ് അറിയിച്ചിരുന്നു.

ഈസ്റ്റ് പെര്‍ത്തിലെ ഒരു ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയാനും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് നിര്‍ദേശിച്ച ഹോട്ടലില്‍ യുവതി എത്തിയിട്ടില്ലെന്നും സുഹൃത്തിനൊപ്പം മറ്റ് രണ്ട് ഹോട്ടലുകള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തി. യുവതിയെ അറസ്റ്റ് ചെയ്ത് പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.