കോടതിക്കുള്ളില്‍ വെടിവെപ്പ്; ഡല്‍ഹിയില്‍ ഗുണ്ടാത്തലവനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

കോടതിക്കുള്ളില്‍ വെടിവെപ്പ്; ഡല്‍ഹിയില്‍ ഗുണ്ടാത്തലവനടക്കം മൂന്നുപേര്‍  കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക കോടതിയ്ക്കുള്ളില്‍ വെടിവെപ്പില്‍ വരെയെത്തി. വടക്കന്‍ ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ 206-ാം  നമ്പര്‍ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

തിഹാര്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ പോലീസ് വധിച്ചു.

ഗോഗിയുടെ എതിര്‍ സംഘത്തിലുള്ളവരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഇന്ന് ഗോഗിയെ ഹാജരാക്കുന്നതറിഞ്ഞ് അഭിഭാഷകരുടെ വേഷത്തിലെത്തിയ എതിര്‍സംഘം തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആകെ മൂന്നുപേര്‍ മരിച്ചെന്നും അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കോടതിക്കുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പ്രതികരിച്ചു. ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പോലീസ് സംഘം കീഴ്പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്ന് രോഹിണി ഡി.സി.പി പ്രണവ് ദായലും മാധ്യമങ്ങളോട് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.