ബുക്കു ചെയ്തത് 1.14 ലക്ഷത്തിന്റെ ലാപ്‌ടോപ്പ്; മലയാളി വിദ്യാര്‍ഥിനിക്ക് വന്നത് ഒരു പെട്ടി വേസ്റ്റ് പേപ്പര്‍

ബുക്കു ചെയ്തത് 1.14 ലക്ഷത്തിന്റെ ലാപ്‌ടോപ്പ്; മലയാളി വിദ്യാര്‍ഥിനിക്ക് വന്നത് ഒരു പെട്ടി വേസ്റ്റ് പേപ്പര്‍

പറവൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പുകളെ സംബന്ധിച്ച വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും കാണാറുള്ളതാണ്. വലിയ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് കേരളത്തിന് പുറത്തുള്ളവര്‍ ആണെന്നായിരുന്നു പലരുടേയും വിചാരം. എന്നാല്‍ കേരളത്തിലും സമാനമായ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥിനി. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പറവൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് നഷ്ടമായത് 1,14,700 രൂപയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ വിദ്യാര്‍ഥിനി ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ലാപ് ടോപ്പിന് പകരം വന്നത് ഒരു പെട്ടി നിറയെ വേസ്റ്റ് പേപ്പറുകള്‍ ആയിരുന്നു.

വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍ പൊലീസ് ഹരിയാനയിലുള്ള സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ സൈബര്‍ പൊലീസ് നിരത്തിയതോടെ വിദ്യാര്‍ഥിനിക്ക് പണം തിരികെ നല്‍കാമെന്ന് കമ്പനി വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ജൂണിലാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്തത്. അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണവും നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ പാഴ്‌സലുമെത്തി. പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പഴയ കടലാസുകള്‍ അടുക്കുവെച്ചിരിക്കുന്ന കാഴ്ചയാണ്.
വിദ്യാര്‍ത്ഥിനി പാഴ്‌സല്‍ തുറക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന് പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് വിദ്യാര്‍ഥിനി ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിനുവേണ്ടി ലാപ്പ്‌ടോപ്പ് നല്‍കിയത് ഹരിയാനയില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയാണെന്ന് സംഘം കണ്ടെത്തി. ഈ കമ്പനി കൃഷി-ഹെര്‍ബല്‍ സംബന്ധമായ ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്ന സ്ഥാപനമാണ്. കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം അവര്‍ സമ്മതിച്ചില്ല. എന്നാല്‍ ശാസ്ത്രീയ അന്വേഷണങ്ങളുടെയും, തെളിവുകളുടേയും വെളിച്ചത്തില്‍ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടയില്‍ ലാപ് ടോപ്പിന് അടച്ച തുക വിദ്യാര്‍ഥിനിക്ക് തിരികെ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.

തുടര്‍ നടപടികളുമായി മുന്നോട് പോകുമെന്ന് എസ്.പി കെ. കാര്‍ത്തിക് വ്യക്തമാക്കി. ഈ കോവിഡ് കാലത്ത് ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.