മാവോയിസ്റ്റ് ഭീഷണി: പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര മന്ത്രി അമിത് ഷാ

മാവോയിസ്റ്റ് ഭീഷണി: പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര മന്ത്രി അമിത് ഷാ

ന്യുഡല്‍ഹി: മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പത്ത് സംസ്ഥാനങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യത്തെ മാവോയിസ്റ്റ് വെല്ലുവിളി പരിശോധിക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. മധ്യപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

യോഗം രണ്ട് ഘട്ടമായിട്ടാണ് നടക്കുന്നത്. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളിയും സായുധ സേനകളുടെ പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടത്തില്‍ അവലോകനം ചെയ്തത്. സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടാന്‍ കേന്ദ്ര സഹായം വര്‍ധിപ്പിക്കുമെന്ന് യോഗത്തില്‍ അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലുണ്ടായ മാവോയിസ്റ്റ് ആക്രമങ്ങളും അവയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും യോഗം വിലയിരുത്തി.

മാവോയിസ്റ്റ് സംഘങ്ങളുടെ ആധുനികവല്‍ക്കരണം അടക്കമുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ് രണ്ടാംഘട്ട അജണ്ട. പ്രദേശങ്ങളിലെ റോഡുകള്‍ പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതും ഇവിടേക്ക് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ചും രണ്ടാംഘട്ടത്തില്‍ തീരുമാനമുണ്ടാകും.

നിലവില്‍ 45 ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപകമാണെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണ്ടെത്തല്‍. 2019-ല്‍ 61 ജില്ലകളില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. അതേസമയം കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം കുറഞ്ഞു വരുന്നതായി ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.