ദൈവരാജ്യത്തിനു മേലുള്ള കുത്തക അവകാശ ബോധം പൈശാചികം: ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവരാജ്യത്തിനു മേലുള്ള കുത്തക അവകാശ ബോധം പൈശാചികം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി : യേശുവിന്റെയും ദൈവരാജ്യത്തിന്റെയും മേല്‍ കുത്തക അവകാശങ്ങളുണ്ടെന്നു ഭാവിച്ച്് പിശാചിന്റെ ജോലി ചെയ്യുന്നവര്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. ' നന്മ, തിന്മകളുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ വിഭജിക്കാതെ ഏവരെയും ഉള്‍ക്കൊള്ളാനും, സ്വന്തം ഹൃദയങ്ങളെ നിരീക്ഷിച്ചുകൊണ്ട് തിന്മയ്ക്ക് കീഴടങ്ങാതിരിക്കാനും, മറ്റുള്ളവര്‍ക്ക് ദുഷ്‌പ്രേരണ നല്‍കാതിരിക്കാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്'- ഞായര്‍ ദിവ്യബലി പ്രസംഗത്തില്‍ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നുള്ള വായനയുടെ അനുബന്ധമായി മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു

യേശുവിന്റെ നാമത്തിലുള്ള മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആഗ്രഹിച്ച ശിഷ്യന്മാരെ അതില്‍ നിന്നു വിലക്കിക്കൊണ്ടുള്ള യേശുവിന്റെ മുന്നറിയിപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ധരിച്ചു. ശിഷ്യന്മാര്‍ ആഗ്രഹിച്ചത് നല്ല പ്രവൃത്തികള്‍ തടയാനാണ്. കാരണം അത് ചെയ്തയാള്‍ അവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. 'യേശുവിന്റെ മേല്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്നും ദൈവരാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളുവെന്നും അവര്‍ കരുതി.'

യേശുവിന്റെ സ്വന്തമാണു തങ്ങളെന്ന ഭാവത്തില്‍, അവര്‍ മറ്റുള്ളവരെ ശത്രുതയോടെ അപരിചിതരായി കണക്കാക്കി. തങ്ങളെപ്പോലെ ചിന്തിക്കാത്തവരെ അകറ്റിനിര്‍ത്താനുള്ള പ്രലോഭനത്തില്‍ നിന്നാണ് ചരിത്രത്തിലെ പല തിന്മകളുടെയും വേരുകള്‍ പൊട്ടി മുളച്ചത്. സ്വേച്ഛാധിപത്യം പലപ്പോഴും സ്വേച്ഛാധിപത്യങ്ങള്‍ സൃഷ്ടിക്കുകയും വ്യത്യസ്തത പുലര്‍ത്തുന്നവര്‍ക്കെതിരെ വളരെയധികം അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു - മാര്‍പാപ്പ പറഞ്ഞു.



പിശാച് 'വിഭജകന്‍' ആണ്. ആ പേരിന്റെ ഉത്ഭവത്തിനുമുണ്ട് വിഭജനവുമായി ബന്ധം. സംശയം ജനിപ്പിച്ച് ആളുകളെ വിഭജിക്കുകയും അകല്‍ച്ച ആഴത്തിലാക്കുകയും ചെയ്യുന്നു പിശാച്. അതേസമയം, എല്ലാവര്‍ക്കും ഇടം ലഭിക്കുന്ന തുറവിയുള്ള സ്വാഗതാര്‍ഹമായ സമൂഹങ്ങളെ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു.

വചന സന്ദേശത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ലോക ദിനത്തെക്കുറിച്ച് സംസാരിച്ചു. 'മുന്‍വിധിയും ഭയവും കൂടാതെ, ഏറ്റവും ദുര്‍ബലരായവരുടെ അടുത്തായിരിക്കേണ്ടത് ആവശ്യമാണ്: കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികള്‍, മനുഷ്യക്കടത്തിന്റെ ഇരകള്‍, ഉപേക്ഷിക്കപ്പെട്ടവര്‍... ആരെയും ഒഴിവാക്കാതെ ഏവരെയും ഉള്‍ക്കൊള്ളുന്ന ലോകം കെട്ടിപ്പടുക്കാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്്' - ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.