മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ നിരക്ക് 70 ശതമാനം എത്തിയ പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍. ഈ പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ മേഖലകളും തുറന്നു കൊടുക്കാനും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. വാക്‌സിന്‍ രണ്ടു ഡോസും എടുത്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.
വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്ന മേഖലകളില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കാനാണു തീരുമാനം. സംസ്ഥാനത്തെ വാക്‌സിനേഷന്‍ നിരക്ക് ഒക്ടോബര്‍ 26 നകം 70 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിക്‌ടോറിയന്‍ സംസ്ഥാന സര്‍ക്കാര്‍ ട്രയലുകള്‍ നടത്തുന്നത്.
ഒക്ടോബര്‍ 11 മുതലാണ് ട്രയല്‍ ആരംഭിക്കുന്നത്. ഹോട്ടലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ എന്നിവ തുറന്നുകൊടുക്കുകയും കായിക പരിപാടികള്‍, ആഘോഷങ്ങള്‍, സംഗീതകച്ചേരികള്‍ എന്നിവ നടത്താനുമാണ് തീരുമാനം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരെ പരിപാടികളില്‍ പങ്കെടുപ്പിക്കും. വ്യവസായ മന്ത്രി മാര്‍ട്ടിന്‍ പകുലയാണ് ഇതു സംബന്ധിച്ച നടപടികള്‍ പ്രഖ്യാപിച്ചത്.
വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളായ ബാസ് കോസ്റ്റ്, ഗ്രേറ്റര്‍ ബെന്‍ഡിഗോ, പൈറീനീസ്, വാറനാംബൂള്‍, ബൂലോക്ക്, ജിപ്‌സ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തുന്നത്. ഈ പ്രദേശങ്ങളില്‍ കുറഞ്ഞ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുകൂടാതെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് കൈവരിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താന്‍ പ്രാദേശിക കൗണ്‍സിലുകളും വ്യവസായ സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇതിനായി വ്യാപാര സ്ഥാപന ഉടമകള്‍ക്കു പിന്തുണ നല്‍കും. വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന് ജീവനക്കാര്‍ക്കു പരിശീലനം നല്‍കും.
ട്രയലുകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പങ്കെടുക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും സപ്പോര്‍ട്ട് ഓഫീസര്‍മാരെ വിന്യസിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ആളുകളെ വ്യാപാര സ്ഥാപനങ്ങള്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ക്രിസ്മസിനു മുന്‍പായി പൊതു ഇടങ്ങള്‍ സജീവമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.