ഇന്ന് ഭാരത് ബന്ദ്: കേരളത്തില്‍ ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി അത്യാവശ്യ സര്‍വീസുകള്‍ നടത്തും

ഇന്ന് ഭാരത് ബന്ദ്: കേരളത്തില്‍ ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി അത്യാവശ്യ സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. കേരളത്തില്‍ ഇതിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാല്‍ വൈകീട്ട് ആറ് മണിക്ക് ശേഷം അന്തര്‍ ജില്ല അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.

ചില തൊഴിലാളി സംഘടനകള്‍ സെപ്തംബര്‍ 27, തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി തന്നെ നേരത്തെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്നതും ജീവനക്കാരുടെ കുറവുമാണ് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ കാരണം.

സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ദില്ലിയില്‍ അതിര്‍ത്തികളില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.