ബര്‍ലിന്‍: ജര്‍മനിയിലെ ദേശീയ തെരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ ബ്ലോക്കിനു തിരിച്ചടി. മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രറ്റിക് യൂണിയന്‍ എന്ന സെന്‍ട്രിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജര്‍മനിയുടെ ഭരണ നേതൃത്വം 16 വര്‍ഷങ്ങള്‍ക്കു ശേഷം സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് വീണ്ടും പോകുമെന്നാണു സൂചന.
299 മണ്ഡലങ്ങളിലെ വോട്ടെണ്ണലില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 25.9 ശതമാനം വോട്ടു നേടി മുന്നിലാണെന്നാണ് തെരഞ്ഞെടുപ്പ് അധികൃതര്‍ പറയുന്നത്. യൂണിയന്‍ ബ്ലോക്കിന് 24.1 ശതമാനം വോട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.പരിസ്ഥിതിവാദികളായ ഗ്രീന്‍സ് 14.8 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തുണ്ട്. ഫ്രീ ഡെമോക്രാറ്റുകള്‍ 11.5 ശതമാനം വോട്ടു നേടി. തീവ്ര വലതുപക്ഷമായ ഓള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി 10.3 ശതമാനം വോട്ടും ഇടതു പാര്‍ട്ടി 4.9 ശതമാനം വോട്ടും നേടിയിട്ടുണ്ട്. ഗ്രീന്‍സ് പാര്‍ട്ടിയും ഫ്രീ ഡെമോക്രാറ്റുകളും മറ്റു രണ്ടു പ്രമുഖ ബ്ലോക്കുകളില്‍ ആരുമായും സഖ്യത്തിനു തയാറാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കാകും ഇതു ഗുണകരമാകുക.
2005 മുതല്‍ ചാന്‍സലറായി തുടരുന്ന മെര്‍ക്കല്‍ ഇനി രാഷ്ട്രീയത്തിലില്ലെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പാര്‍ട്ടി നേതാവു കൂടിയായ മെര്‍ക്കല്‍ ജര്‍മനിയിലെ ആദ്യ വനിതാ ചാന്‍സലറാണ്. ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ (സിഎസ്യു)വുമായി സഖ്യത്തിലാണു മെര്‍ക്കല്‍ ഭരിച്ചിരുന്നത്. യൂണിയന്‍ ബ്ലോക്കായി ഈ സഖ്യം അറിയപ്പെടുന്നു. പതിനാറു വര്‍ഷം ജര്‍മനി ഭരിച്ച മെര്‍ക്കല്‍ ലോകത്ത് ഏറ്റവും ശക്തയായ വനിതാ നേതാവായാണ് അറിയപ്പെടുന്നത്.
വിവാദങ്ങള്‍ പലതുണ്ടായെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിനു സ്ഥിരത നല്‍കാന്‍ മെര്‍ക്കലിനായി. 2005ല്‍ ജെറാഡ് ഷ്‌റോഡറില്‍ നിന്നാണ് മെര്‍ക്കല്‍ ചാന്‍സലര്‍ സ്ഥാനം പിടിച്ചെടുത്തത്. 1998 മുതല്‍ ചാന്‍സലറായിരുന്ന ഷ്‌റോഡര്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ നേതാവാണ്. ഗ്രീന്‍സുമായി സഖ്യത്തിലാണു ഷ്‌റോഡര്‍ ഭരിച്ചിരുന്നത്. മെര്‍ക്കല്‍ യുഗത്തിനു ശേഷം ഈ രാഷ്ട്രീയ സഖ്യം തിരിച്ചുവരുകയാണെന്നാണു കരുതേണ്ടത്.
ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നു സൂചിപ്പിച്ച പ്രീപോള്‍ സര്‍വ്വേകള്‍ പറഞ്ഞത് 25 ശതമാനം വോട്ട് നേടി ഒലാഫ് ഷോള്‍സ് നേതൃത്വം നല്‍കുന്ന എസ്.പി.ഡി ഒന്നാം സ്ഥാനത്തും 22 ശതമാനം വോട്ട് നേടി മെര്‍ക്കലിന്റെ സിഡിയു രണ്ടാം സ്ഥാനത്തും എത്തിയേക്കുമെന്നാണ്. ജര്‍മ്മന്‍ പാര്‍ലമെന്റിലേക്ക് യോഗ്യത നേടാനുള്ള കടമ്പ 5 ശതമാനമാണ്.
തിരഞ്ഞെടുപ്പിനു ശേഷം ഒരു ഭാഗത്തു സോഷ്യലിസ്റ്റുകളും (എസ്.പി.ഡി) മറുഭാഗത്ത് ക്രിസ്ത്യന്‍ ഡെമോക്രറ്റുകളും (സി.ഡി.യു) നേതൃത്വം കൊടുക്കുന്ന രണ്ട് മുന്നണികള്‍ നേര്‍ക്കുനേര്‍ വന്നാല്‍, ഗ്രീന്‍ പാര്‍ട്ടി, ദി ലിങ്ക് എന്നീ ഇടത് പാര്‍ട്ടികളുടെ പിന്തുണ സോഷ്യല്‍ ഡെമോക്രറ്റുകള്‍ക്ക് കിട്ടാനാണ് കൂടുതല്‍ സാധ്യതയെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇത് വരെ തുടര്‍ന്ന പോലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡിയുടെ പിന്തുണ ഒരു മുന്നണിയും സ്വീകരിക്കാന്‍ സാധ്യതയില്ല.
ഇന്ത്യയെ പോലെ തന്നെ ഫെഡറല്‍ സംവിധാനവും പാര്‍ലമെന്ററി ജനാധിപത്യവും പിന്തുടരുന്ന ജര്‍മ്മനിയില്‍ പക്ഷെ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് വോട്ടുകളാണ് ഒരു ജര്‍മ്മന്‍ വോട്ടര്‍ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുള്ളത്. ഇതില്‍ ഒന്ന് അതാത് പ്രവിശ്യയിലെ എംപിയെ നേരിട്ട് തിരഞ്ഞെടുക്കുന്ന ഡയറക്റ്റ് വോട്ട്. രണ്ടാമത്തേത് തങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിക്കും്.
പാര്‍ട്ടിക്ക് കൊടുക്കുന്ന ഈ രണ്ടാമത്തെ വോട്ടുകളില്‍ 5 ശതമാനം എങ്കിലും നേടുന്ന പാര്‍ട്ടികള്‍ക്ക് അവര്‍ക്ക് കിട്ടിയ വോട്ടുകളുടെ ആനുപാതികാടിസ്ഥാനത്തില്‍ പാര്‍ലമെന്റിലെ പകുതി സീറ്റുകള്‍ വിഭജിക്കപ്പെടും. ബാക്കി പകുതിയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരും ഉള്‍ക്കൊള്ളുന്നതാണ് ജര്‍മ്മന്‍ പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗ് . ഇതിന്റെ കൂടെ അതാത് ഫെഡറല്‍ സംസ്ഥാനങ്ങളിലെ അസംബ്ലി അംഗങ്ങള്‍ തിരഞ്ഞെടുത്തയക്കുന്ന ബുണ്ടെസ്രത്ത് കൂടി ഉള്‍ക്കൊള്ളുന്നതാണ് ജര്‍മ്മനിയിലെ കേന്ദ്ര നിയമ നിര്‍മ്മാണ സംവിധാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.