ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി നിരോധിക്കാന്‍ സമയമായെന്ന് പ്രസിഡന്റ് മൂണ്‍ ജെ ഇന്‍

  ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി നിരോധിക്കാന്‍ സമയമായെന്ന് പ്രസിഡന്റ് മൂണ്‍ ജെ ഇന്‍

സോള്‍: നായ്ക്കളുടെ ഇറച്ചി ഭക്ഷിക്കുന്നതിനു ദക്ഷിണ കൊറിയയില്‍ നിരോധനമേര്‍പ്പടുത്തേണ്ട കാലമായെന്ന് പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. ഇക്കാര്യം വിവേകപൂര്‍വ്വം പരിഗണിക്കേണ്ട സമയമായില്ലേ? - പ്രതിവാര കൂടിക്കാഴ്ചാ വേളയില്‍ പ്രധാനമന്ത്രി കിം ബൂ ക്യൂമിനോട് മൂണ്‍ ചോദിച്ചതായി പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടായവശേഷിക്കുന്നു പട്ടിയിറച്ചി തീറ്റയെന്ന അഭിപ്രായക്കാരനാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. പട്ടി മാംസം ദക്ഷിണ കൊറിയന്‍ പാചകരീതിയുടെ പരമ്പരാഗത ഭാഗമാണ്. പ്രതിവര്‍ഷം ഏകദേശം പത്തു ലക്ഷം നായ്ക്കള്‍ കൊറിയക്കാരുടെ ആഹാരമായി മാറുന്നതായി നേരത്തെ കണക്കുണ്ടായിരുന്നു.പക്ഷേ കൂടുതല്‍ ആളുകള്‍ നായ്ക്കളെ സഹജീവികളായി സ്വീകരിക്കുന്ന പ്രവണത ശക്തമായതോടെ ഉപഭോഗം കുറഞ്ഞു വന്നു.

പട്ടിയിറച്ചിക്ക് യുവ തലമുറ സ്വയം വര്‍ജനമേര്‍പ്പെടുത്തിക്കഴിഞ്ഞു.  മൃഗാവകാശ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുമുണ്ട്.വീട്ടില്‍ നായ്ക്കളുമായി ജീവിക്കുന്ന ആളുകള്‍ കുറച്ചൊന്നുമല്ല. അവരില്‍ ഒരാളാണ് പ്രസിഡന്റ് മൂണ്‍. അദ്ദേഹം അറിയപ്പെടുന്ന ഒരു നായ സ്‌നേഹിയാണ്. മൂണിന്റെ വസതിയുടെ വളപ്പില്‍ നിരവധി നായ്ക്കളുണ്ട്. മൂണ്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരമേറ്റ ശേഷം തെരുവില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒരെണ്ണം ഉള്‍പ്പെടെ.

പട്ടിയിറച്ചി നിരോധിക്കണോയെന്ന വിഷയം കുറേക്കാലമായി ദക്ഷിണ കൊറിയയില്‍ ചര്‍ച്ചാ വിഷയം തന്നെയാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ രാജ്യത്ത് രണ്ടഭിപ്രായക്കാരും ശക്തമായ വാദമുഖങ്ങള്‍ നിരത്തുന്നു.പ്രസിഡന്റ തെരഞ്ഞടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ, സ്ഥാനമോഹികള്‍ പലരും ഈ ചര്‍ച്ചയില്‍ ഇടപെട്ടു തുടങ്ങി. പട്ടിയിറച്ചി നിരോധിക്കുമെന്ന വാഗ്ദാനവും പലരും മുന്നോട്ടുവെക്കുന്നുണ്ട്. മൃഗസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഈ വിഷയം ചര്‍ച്ചയിലേക്ക് ആദ്യം കൊണ്ടുവന്നത്. പിന്നീട് മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. പിന്നാലെ ജനാഭിപ്രായം അറിയാനുള്ള സര്‍വേകളും നടന്നു. അതിനിടെയാണ്, പ്രസിഡന്റ് മൂണ്‍ വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചത്.



രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള ഗയോന്‍ഗി പ്രവിശ്യയിലെ ഗവര്‍ണര്‍ ലീ ജാ മ്യുംഗ് പട്ടിയിറച്ചി നിരോധനത്തിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനമോഹികളില്‍ മുന്നിലുള്ള ഇദ്ദേഹം നിലവിലെ പ്രസിഡന്റ് മൂണിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. എന്നാല്‍, എതിരാളിയാവാന്‍ സാദ്ധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാവ് യൂന്‍ സ്യൂക് യൂള്‍ വ്യത്യസ്ത അഭിപ്രായം പറയുന്നുണ്ട്. പട്ടിയിറച്ചി കഴിക്കണോ വേണ്ടയോ എന്ന കാര്യം അവരവരുടെ തീരുമാനത്തിനു വിടുന്നതാണ് നല്ലതെന്നും നിരോധനം ഒന്നിനും പരിഹാരമല്ല എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

മൃഗക്ഷേമ സംഘടനയായ അവെയര്‍ ഇതു സംബന്ധിച്ച് നടത്തിയ സര്‍വേ ഫലം പുറത്തുവന്നു. 78 ശതമാനം ആളുകള്‍ പട്ടിയിറച്ചി നിരോധിക്കണമെന്ന അഭിപ്രായക്കാരാണ് എന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പ് സര്‍വേ സ്ഥാപനമായ റിയല്‍മീറ്റര്‍ നടത്തിയ സര്‍വേയില്‍ ജനങ്ങള്‍ പട്ടിയിറച്ചിയുടെ പേരില്‍ ചേരിതിരിഞ്ഞതായും കണ്ടെത്തി. പട്ടിയിറച്ചിയുടെ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് 59 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായാണ് സര്‍വേ വ്യക്തമാക്കുന്നത്.

പണ്ടൊക്കെ ജനപ്രിയ ഭക്ഷണമായിരുന്നുവെങ്കിലും ഇപ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമേ കൊറിയയില്‍ പട്ടിയിറച്ചി കഴിക്കാറുള്ളൂ. പ്രായമുള്ളവരാണ് അവരില്‍ കൂടുതല്‍. ചില റസ്റ്റോറന്റുകളില്‍ അത്തരക്കാര്‍ക്കു വേണ്ടി പട്ടിയിറച്ചി വിളമ്പാറുണ്ട്. ചില പ്രത്യേക മാര്‍ക്കറ്റുകളില്‍ പട്ടിയിറച്ചി വാങ്ങാനും കിട്ടും. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം നിര്‍ബന്ധമുള്ള വിഷയമാണ് ഇതെന്നര്‍ത്ഥം. അതിനാല്‍ തന്നെയാണ് ഇതിനെതിരെ എതിര്‍പ്പുയര്‍ന്നതും. കൂടുതല്‍ ആളുകള്‍ പട്ടിയിറച്ചിക്ക് എതിരായതിനാലാണ്, രാഷ്ട്രീയക്കാര്‍ കണ്ണുംപൂട്ടി നിരോധന ആവശ്യം ഉന്നയിക്കുന്നത്.

പ്രധാനമന്ത്രിക്കൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിനിടെയും പ്രസിഡന്റ് മൂണ്‍ തന്റെ അഭിപ്രായം പറഞ്ഞു. തെരുവു പട്ടികളുടെ രജിസ്ട്രേഷനെക്കുറിച്ചും അവയെ പരിചരിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പറയുന്നതിനിടെയാണ്, പട്ടിയിറച്ചി നിരോധിക്കുന്നതാകും നല്ലതെന്ന് പ്രസിഡന്റ് പറഞ്ഞത്. പട്ടിയിറച്ചി നിരോധനം സൂക്ഷിച്ച് പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ചു നാളുകളായി സജീവമായി നില്‍ക്കുന്ന പട്ടിയിറച്ചി നിരോധന ചര്‍ച്ചകള്‍ക്ക് ഇതോടെ ആക്കം കൂടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.