സ്പുട്നിക് വാക്സിനും സ്വീകാര്യമല്ലെന്ന് യു. എസ്; തിരിച്ചടിയില്‍ പകച്ച് റഷ്യ

സ്പുട്നിക് വാക്സിനും സ്വീകാര്യമല്ലെന്ന് യു. എസ്; തിരിച്ചടിയില്‍ പകച്ച് റഷ്യ


വാഷിംഗ്ടണ്‍: കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത വിദേശ യാത്രക്കാരെ നവംബര്‍ മുതല്‍ സ്വീകരിക്കാന്‍ യു എസ് ഒരുങ്ങുന്നതിനിടയിലും റഷ്യന്‍ വാക്സിന്‍ സ്പുട്നിക് സ്വീകരിച്ചവര്‍ക്ക് അനുമതി ലഭിക്കില്ല. ആദ്യത്തെ കൊറോണ വൈറസ് വാക്സിനെന്ന് മോസ്‌കോ സാഭിമാനം ലോകത്തിനു പരിചയപ്പെടുത്തിയ സ്പുട്നികിന്റെ നിര്‍മാതാക്കള്‍ക്ക് കനത്ത പ്രഹരമായി യു.എസ് പ്രഖ്യാപനം.

സ്പുട്നിക്ക് മാത്രമല്ല ഇന്ത്യയുടെ കോവാക്സിനും ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ല. കോവാക്സിന്‍ ഉപയോഗിച്ച് പ്രതിരോധ കുത്തിവെയ്പെടുത്തവര്‍ക്ക് നവംബറില്‍ അമേരിക്ക സന്ദര്‍ശിക്കാനാവില്ല. വിദേശത്തെ പരിമിതമായ സ്വീകാര്യതയും മന്ദഗതിയിലുള്ള ഡെലിവറി നിരക്കും സ്പുട്നിക്കിനെ പിറകിലാക്കിയതിനു പിന്നാലെയാണ് പുതിയ തിരിച്ചടി. പാശ്ചാത്യ വാക്സിനുകള്‍ മാത്രമല്ല ചൈനീസ് വാക്സിനുകളും സ്പുട്നിക്കിനു മുന്നിലാണിപ്പോള്‍.വാഷിംഗ്ടണിലെ റഷ്യന്‍ എംബസി പുതിയ യു.എസ് നയത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

പുതിയ നിയമം റഷ്യക്കാര്‍ക്ക് മാത്രമല്ല സ്പുട്നിക്ക് വാക്സിന്‍ സ്വീകരിച്ച മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും പ്രശ്നമാകുമെന്ന് റഷ്യയിലെ പൊതുജനാരോഗ്യ രംഗം നിരീക്ഷിക്കുന്ന വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയിലെ പ്രൊഫ. ജൂഡിത്ത് ട്വിഗ് പറഞ്ഞു.നയതന്ത്ര ബന്ധങ്ങളിലെ തണുപ്പന്‍ നിലപാടും കോവിഡ് മൂലം അന്താരാഷ്ട്ര യാത്രയ്ക്കുള്ള പരിമിതികളും ഉണ്ടായിട്ടും 2019 ല്‍ മൂന്നു ലക്ഷത്തോളം റഷ്യക്കാര്‍ യു എസ് സന്ദര്‍ശിച്ചിരുന്നു.ആ നിലയ്ക്ക് സ്പുട്നിക് വാക്സിനു നേരെയുള്ള വിരുദ്ധ നയം ലക്ഷക്കണക്കിന് റഷ്യക്കാരെ നേരിട്ടു ബാധിക്കും.



നാല് ദശലക്ഷത്തിലധികം ആളുകളും ലോകജനസംഖ്യയുടെ പകുതിയിലധികം വരുന്ന 70 രാജ്യങ്ങളും സ്പുട്നിക്കിനെ അംഗീകരിച്ചിട്ടുണ്ടെന്നും ഫലപ്രാപ്തി ക്ലിനിക്കല്‍ പരീക്ഷണങ്ങളിലും നിരവധി രാജ്യങ്ങളിലെ ഉപയോഗങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ടെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അവകാശപ്പെടുന്നു. കോവിഡിനെതിരായ ആഗോള പോരാട്ടത്തെ രാഷ്ട്രീയവത്ക്കരിക്കാനും ഹ്രസ്വകാല രാഷ്ട്രീയ- സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പുകളോട് വിവേചനം കാണിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ തങ്ങള്‍ നിലകൊള്ളുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

മോസ്‌കോ ആസ്ഥാനമായ ഗമാലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത അഡെനോവൈറസ് വാക്സിനായ സ്പുട്നിക്ക് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ല. റഷ്യന്‍ പ്ലാന്റുകളിലെ നിര്‍മാണ രീതികളുമായി ബന്ധപ്പെട്ട അപാകതയും ആവശ്യമായ അളവില്‍ വാക്സിന്‍ തുടര്‍ച്ചയായി ഉത്പാദിപ്പിക്കാനാകുമോ എന്ന ആശങ്കയും ആഗോള ആരോഗ്യ ഏജന്‍സി ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.