പൈശാചിക ശക്തികളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്ന മുഖ്യദൂതന്മാരായ മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍

പൈശാചിക ശക്തികളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്ന മുഖ്യദൂതന്മാരായ മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 29

ബൈബിളില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന മൂന്ന് മുഖ്യദൂതന്മാരാണ് മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍ എന്നിവര്‍. സെപ്റ്റംബര്‍ 29 ന് കത്തോലിക്കാ സഭ ഈ മാലാഖമാരുടെ തിരുനാള്‍ ആഘോഷിക്കുന്നു. റോമില്‍ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓര്‍മ്മയില്‍ എ.ഡി 530 ലാണ് മാലാഖമാരുടെ തിരുനാള്‍ ആരംഭിച്ചത്. ആരംഭ കാലത്ത് വിശുദ്ധ മിഖായേലിന്റെ പേരു മാത്രമേ പരാമര്‍ശിച്ചിരുന്നുള്ളു. പിന്നിട് കത്തോലിക്കാ സഭാ ചരിത്രത്തില്‍ വളരെ വിശുദ്ധമായ ഒരു ദിനമായി ഈ തിരുനാള്‍ മാറി.

വിശുദ്ധ ഗ്രന്ഥ അടിസ്ഥാനത്തില്‍ ഒമ്പതു ഗണം മാലാഖമാരാണുള്ളത്. ദൈവദൂതന്‍മാര്‍, മുഖ്യദൂതന്‍മാര്‍, പ്രാഥമികന്‍മാര്‍, ബലവാന്മാര്‍, തത്വകന്മാര്‍, അധികാരികള്‍, ഭദ്രാസനന്മാര്‍, ക്രോവേന്മാര്‍, സ്രാപ്പേന്‍മാര്‍ എന്നിവരാണവര്‍. മഹാനായ വിശുദ്ധ ഗ്രിഗറി ഒരു ദൈവവചന പ്രഭാഷണത്തില്‍ മാലാഖമാരുടെ ഒമ്പത് ഗണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

ദൈവം മനുഷ്യരോട് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ മുഖ്യദൂതന്‍മാരെ നിയോഗിച്ചിരിക്കുന്നു.

വിശുദ്ധ മിഖായേല്‍

മിഖായേല്‍ എന്ന മുഖ്യദൂതന്റെ പേര് ഹീബ്രുവില്‍ അര്‍ത്ഥമാക്കുന്നത് 'ദൈവത്തിനോട് അടുത്തവന്‍' എന്നാണ്. സ്വര്‍ഗീയ ദൂതന്മാരുടെ രാജകുമാരന്‍ എന്നും മിഖായേല്‍ മാലാഖ അറിയപ്പെടുന്നു. പടചട്ടയും പാദുകങ്ങളുമണിഞ്ഞ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് വിശുദ്ധ മിഖായേലിനെ മിക്കപ്പോഴും ചിത്രീകരിച്ച് കണ്ടിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ മിഖായേല്‍ എന്ന പേര് നാല് പ്രാവശ്യം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.

രണ്ടു പ്രാവശ്യം ദാനിയേലിന്റെ പുസ്തകത്തിലും ഒരു പ്രാവശ്യം വിശുദ്ധ ജൂതിന്റെ പ്രബോധനത്തിലും ഒരു പ്രാവശ്യം വെളിപാട് പുസ്തകത്തിലും ഇത് കാണാന്‍ സാധിക്കും. വെളിപാട് പുസ്തകത്തില്‍ വിശുദ്ധ മിഖായേലും മറ്റ് മാലാഖമാരും ലുസിഫറും മറ്റ് സാത്താന്‍മാരുമായി നിരന്തരം പോരാടുന്നതായി വിവരിച്ചിട്ടുണ്ട്.

സാത്താനോട് പോരാടുന്നതിനും മരണ സമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും ആത്മാക്കളെ അന്തിമ വിധിക്കായി കൊണ്ട് വരുന്നതിനും മറ്റുമായി നാം വിശുദ്ധ മിഖായേലിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

പല രാജ്യങ്ങളിലും ഈ ദിവസം  'Michaelmas' എന്ന പേരിലറിയപ്പെടുന്നു. വിളവെടുപ്പ് ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്ന ദിവസമാണിത്. ഇംഗ്ലണ്ടില്‍ മൂന്നുമാസം കൂടുമ്പോള്‍ കണക്കുകള്‍ തീര്‍ക്കേണ്ട ദിവസമായി ഇതിനെ കാണുന്നു. പുതിയ ജോലിക്കാരെ നിയമിക്കുക, ന്യായാധിപന്മാരെ തിരഞ്ഞെടുക്കുക തുടങ്ങി നിയമ കാര്യങ്ങളും സര്‍വ്വകലാശാല വിദ്യാഭ്യാസത്തിനും ഈ ദിവസം തുടക്കം കുറിക്കുന്നു.

വിശുദ്ധ ഗബ്രിയേല്‍

വിശുദ്ധ ഗബ്രിയേല്‍ എന്ന പേര് അര്‍ത്ഥമാക്കുന്നത് 'ദൈവം എന്റെ ശക്തി' എന്നാണ്. ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക് വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സന്ദേശമായ ക്രിസ്തുവിന്റെ മനുഷ്യവതാരം കൈമാറാന്‍ ഭാഗ്യം ലഭിച്ച മാലാഖയാണ് ഗബ്രിയേല്‍.
പരിശുദ്ധ മറിയത്തെ വിശുദ്ധ ഗബ്രിയേല്‍ അഭിവാദ്യം ചെയ്യുന്നത് വളരെ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായ വാക്യങ്ങളാലുമാണ്. ''നന്‍മ നിറഞ്ഞ മറിയമേ, നിനക്ക് സ്വസ്തി'' എന്നത് മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രിയപ്പെട്ട പ്രാര്‍ത്ഥനയാണ്.

ഗബ്രിയേല്‍ മാലാഖയെക്കുറിച്ച് ആദ്യം പരാമര്‍ശിക്കുന്നത് ദാനിയേലിന്റെ പുസ്തകത്തിലാണ്. ദാനിയേല്‍ പ്രവാചകന് തന്റെ ദൗത്യം നിര്‍വ്വഹിക്കാന്‍ ഗബ്രിയേല്‍ മാലാഖ സഹായിക്കുന്നു. പിന്നീട് പുതിയ നിയമത്തില്‍ സഖറിയായ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുകയും വൈദിക സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

വിശുദ്ധ റഫായേല്‍

മറ്റൊരു മുഖ്യദൂതനായ വിശുദ്ധ റഫായേലിനെ കുറിച്ചുള്ള വിവരം നമുക്ക് കിട്ടുന്നത് തോബിത്തിന്റെ പുസ്തകത്തില്‍ നിന്നുമാണ്. 'ദൈവം ശാന്തി നല്‍കുന്നു' എന്നാണ് റഫായേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. യുവാവായ തോബിത്തിനെ തന്റെ ജീവിത യാത്രയിലെ വിഷമ ഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുന്ന ഒരു സഹചാരിയായിരുന്നു ് റഫായേല്‍.

തോബിത്തിനെ സുഖപ്പെടുത്താനും സാറയില്‍ നിന്നു പിശാചിനെ ബഹിഷ്‌ക്കരിക്കാനും റഫായേല്‍ ദൂതന്‍ സഹായിക്കുന്നു. കൊച്ചു തോബിയാസിനു ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഹായിക്കാനും റഫായേല്‍ മാലാഖ കൂട്ടിനുണ്ട്. ബെത്സെയ്ദായിലെ കുളത്തിലെ അത്ഭുത വെള്ളം ഇളക്കിയത് വിശുദ്ധ റഫായേല്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

മാലാഖമാര്‍ പൂര്‍ണമായും അരൂപികളാണ്. ഭൗതികമായി ഒന്നും അവര്‍ക്ക് സ്വന്തമായി ഇല്ല. ചില അവസരങ്ങളില്‍ മനുഷ്യനെപ്പോലെ കാണപ്പെടുന്നെങ്കിലും അത് അവരുടെ മുഖഭാവത്തില്‍ മാത്രമാണ്.

ഡോ. പീറ്റര്‍ ക്രീഫ്റ്റ് അദ്ദേഹത്തിന്റെ മാലാഖമാരും പിശാചുക്കളും  ( Angels and Demons) എന്ന ഗ്രന്ഥത്തില്‍ മനോഹരമായ ഒരു വിവരണം നല്‍കുന്നുണ്ട്.

''മാലാഖമാര്‍ക്ക് നമ്മെപ്പോലെ ശരീരം ഇല്ലാത്തതിനാല്‍ അവര്‍ക്ക് ഈ ലോകത്ത് താമസിക്കുന്നതിനോ ചലിക്കുന്നതിനോ സ്ഥലം ആവശ്യമില്ല. ഇലക്ട്രോണ്‍ ക്വാണ്ടം ലീപ്‌സ് എന്ന ചലനത്തിനോട് മാലാഖമാരുടെ ചലനത്തെ ഏറ്റവും അനുയോജ്യമായി നമുക്ക് ഉപമിക്കാം. മാലാഖമാര്‍ നൈമിഷികമായി ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് സ്ഥലത്തിന്റെയോ, സമയത്തിന്റെയോ സഹായമില്ലാതെ ചരിക്കുന്നു.''

മറുവശത്ത് അവര്‍ക്ക് ഭൗതികമായ ശരീരമില്ലെങ്കിലും ഭൗതിക ലോകത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും. ദൈവത്തെപ്പോലെ പൂര്‍ണ അരൂപിയായ അവര്‍ക്ക് മനശക്തിയും ബുദ്ധിവൈഭവവും ഉപയോഗിച്ച് ഭൗതിക വസ്തുക്കളെ മാറ്റാനും ബാഹ്യമായി മനുഷ്യ രൂപം കൈവരിക്കാനും സാധിക്കും.

മാലാഖമാരുടെ ചിറകുകളും വാളും അവരുടെ ഈ ലോകത്തിലുള്ള വിളിയും, ദൗത്യവും, സന്ദേശങ്ങളും ആയി ബന്ധപ്പെട്ട കേവലം കലാപരമായ ചിത്രീകരണങ്ങള്‍ മാത്രമാണ്.

മിഖായേലിനും സ്വര്‍ഗീയ സൈന്യത്തിനും ലൂസിഫറിനെയും അവന്റെ അനുയായികളും സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കാന്‍ കഴിഞ്ഞെങ്കില്‍ മുഖ്യദൂതന്‍മാര്‍ക്ക് ഈ ലോകത്തെ പീഡിപ്പിക്കുന്ന പൈശാചിക ശക്തികളില്‍ നിന്നും അവയുടെ സ്വാധീന വലയത്തില്‍ നിന്നും മനുഷ്യ വംശത്തെ സംരക്ഷിക്കാന്‍ സാധിക്കും.

''മുഖ്യദൂതനായ വിശുദ്ധ മിഖായലേ സ്വര്‍ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഇരുളടഞ്ഞ ഈ ലോകത്തിലെ ദുരാത്മാക്കളോടുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ'' എന്ന പ്രാര്‍ത്ഥനാ നമുക്ക് ശക്തമായ ഒരു പരിചയാണ്.

കുട്ടികളോട് മാലാഖമാര്‍ക്ക് വലിയ സ്‌നേഹമാണ്. കാരണം കുട്ടികള്‍ മാലാഖമാരെ പൂര്‍ണമായി സ്‌നേഹിക്കുകയും യാതൊരു മടിയും കൂടാതെ അവരെ ആശ്രയിക്കുകയും ചെയ്യും. ശിശുസഹജമായ ലാളിത്യമാണ് മലാഖമാരുടെ സാന്നിധ്യം അനുഭവിച്ചറിയാനുള്ള കുറുക്കു വഴി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ഫ്രത്തേര്‍ണൂസ്

2. പലസ്തീനായിലെ സിറിയാക്കൂസ്

3. ത്രെയിസിലെ എവുട്ടീക്കിയൂസ്, പ്‌ളൌട്ടൂസ്

4. പെഴ്‌സ്യായിലെ ദാദാസ്, ഭാര്യ കാസ്ദ, മകന്‍ ഗാബ്ദേലാസ്

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.