അഫ്ഗാനില്‍ തല്‍ക്കാലം 1964 ലെ ഭരണഘടന വീണ്ടും; ശരി അത്ത് നിയമത്തിനു മുന്‍കൈയെന്ന് താലിബാന്‍

 അഫ്ഗാനില്‍ തല്‍ക്കാലം 1964 ലെ ഭരണഘടന വീണ്ടും; ശരി അത്ത് നിയമത്തിനു മുന്‍കൈയെന്ന് താലിബാന്‍


കാബൂള്‍: അഫ്ഗാനിലെ ഭരണഘടന അടിമുടി മാറ്റാനുള്ള നീക്കത്തില്‍ താലിബാന്‍ ഭീകരര്‍. ഇസ്‌ളാം ശരി അത്ത് നിയമത്തിനാകും മേല്‍ക്കൈ.പുതിയ സമ്പൂര്‍ണ്ണ ഭരണ ഘടന വരുന്നതു വരെ 57 വര്‍ഷം മുമ്പ് നിലവിലുണ്ടായിരുന്ന ഭരണഘടനയാണ് താല്‍ക്കാലികമായി ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഭരണകൂടം സമ്പൂര്‍ണ്ണമായി നിലവില്‍ വരുന്നതോടെ നിയമനിര്‍മ്മാണം നടക്കും. നിലവിലെ നിയമങ്ങളിലെ മാറ്റം സഹീര്‍ ഷാ രാജാവിന്റെ കാലഘട്ടത്തിലെ ഭരണഘടന അനുസരിച്ചാകണമെന്നാണ് തീരുമാനം. 1963 മുതല്‍ 73 വരെ പത്തു വര്‍ഷം അഫ്ഗാന്‍ ഭരിച്ച മുഹമ്മദ് സഹീര്‍ ഷാ പ്രത്യേക ഭരണഘടന എഴുതിയുണ്ടാക്കിയിരുന്നു.അക്കാലത്ത് സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നെങ്കിലും മറ്റ് ഒരു സ്വാതന്ത്ര്യവും നല്‍കിയിരുന്നില്ല. അതേ മാര്‍ഗ്ഗത്തിലൂടെയാണ് താലിബാന്റെയും നീക്കം.

ഹമീദ് കര്‍സായിയും ഭാഗികമായി സഹീര്‍ ഷായുടെ ഭരണഘടനയിലെ തത്വങ്ങള്‍ ഉപയോഗിച്ചിരുന്നു. അഷ്റഫ് ഗാനിയാണ് നിയമങ്ങള്‍ മാറ്റിയത്. 1964ലെ ഭരണഘടന താല്‍ക്കാലികം മാത്രമാണെന്നും പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് താലിബാന്‍ നിയമകാര്യവകുപ്പ് മന്ത്രി അബ്ദുള്‍ ഹക്കിം ഷെരായി അറിയിച്ചത്. ശരി അത്തിനെ അടിസ്ഥാനമാക്കി നിയമങ്ങളെ പുനര്‍നിര്‍വ്വചിക്കുമെന്നും ഷെരായി പറഞ്ഞു.

കഴിഞ്ഞ ദിവസം കുറ്റവാളികളെ പിടികൂടി കൊന്ന് കെട്ടിതൂക്കിയത് താലിബാന്‍ തന്നെ പുറത്തുവിട്ടിരുന്നു. ഹെറാത് സിറ്റിയില്‍ ഒരാളെ കൊന്ന് കെട്ടിതൂക്കിയത് ക്രെയിനിലായിരുന്നു. ആകെ നാല് പേരുടെ മൃതദേഹമാണ് കെട്ടിത്തൂക്കിയത്. മൂന്നെണ്ണം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് ജനങ്ങളില്‍ ഭീതി ജനിപ്പിച്ചത്. ശരി അത്ത് നിയമങ്ങള്‍ താലിബാന്‍ നടപ്പാക്കി തുടങ്ങിയെന്നാണ് മുന്‍ നിയമകാര്യമന്ത്രി മുല്ലാ നൂറുദ്ദീന്‍ തുറാബി പറയുന്നത്. മുതലുകള്‍ കൈക്കലാക്കുന്നവരുടെ കൈവെട്ടുക, വലിയ തോതിലുള്ള കളവിന് ഒരു കയ്യും ഒരു കാലും വെട്ടുക എന്നീ ശിക്ഷാ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി തുറാബി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.