കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസ്; പൊളിച്ചെഴുതാൻ അംഗീകാരം

കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസ്; പൊളിച്ചെഴുതാൻ അംഗീകാരം

കണ്ണൂർ: കണ്ണൂർ സർവകലാശാല വിവാദ സിലബസ് പൊളിച്ചെഴുതും. ദീൻദയാൽ ഉപാധ്യായ, ബൽരാജ് മധോക്ക് എന്നിവരുടെ രചനകൾ സിലബസിൽ നിന്ന് പൂർണമായും ഒഴിവാക്കും. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതി റിപ്പോർട്ടിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി.

അതേസമയം സവർക്കറുടെയും ഗോൾവൾക്കറുടെയും പാഠഭാഗങ്ങൾ സിലബസിൽ തുടരും. എന്നാൽ ഇവ നേരത്തെ നിർദേശിച്ച അത്രയും കൂടുതലുണ്ടാകില്ല. രണ്ട് പേരുടെയും പുസ്തകങ്ങൾ ചേർത്ത് ഹിന്ദുത്വ ആശയവുമായി ബന്ധപ്പെടുത്തി മാത്രം പഠിപ്പിക്കാനാണ് നിർദേശം. ഇസ്ലാമിക്, ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും സിലബസിൽ ഉൾപ്പെടുത്താനും വിദഗ്‌ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം അക്കാദമിക് കൗൺസിലിന്റേതാണ്.

ഇതിനിടെ കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ സ്വയംഭരണത്തെ ബാധിക്കാത്ത നടപടി സ്വീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു . വിവാദങ്ങൾ ഒഴിവാക്കി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചു.
കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ വിദഗ്‌ധ സമിതി യോഗത്തിൽ നിർദേശിച്ചിരുന്നു. ആർ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങൾ നൽകാൻ നിർദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസിൽ മഹാത്മാഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്‌ധ സമിതി നിർദേശിച്ചിട്ടുണ്ട്.

കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ സിലബസാണ് വിവാദത്തിലായത്. ആർഎസ്എസ് നേതാക്കളായ സവർക്കറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റ​ഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാ​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് സൈദ്ധന്തികരുടെ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

തുടർന്ന് സർവകലാശാല നിയോഗിച്ച രണ്ട് അംഗ സമിതി സിലബസിൽ മാറ്റങ്ങൾ നിർദേശിച്ച് വൈസ് ചാൻസലർ പ്രൊ. ഗോപിനാഥ്‌ രവീന്ദ്രന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നീട് ബോർഡ് ഓഫ് സ്റ്റഡീസ് സിലബസ് വിശദമായി പരിശോധിച്ചു. വിദഗ്ധ സമിതി ശുപാർശകൾ പ്രകാരമുള്ള ഭേദഗതികൾ അംഗീകരിച്ചതായാണ് റിപ്പോർട്ട്‌ .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.