തിരുവനന്തപുരം: കോഴിക്കോട്ട് വവ്വാലുകളുടെ സാമ്പിളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. നിപ വൈറസ് രോഗബാധ കണ്ടെത്തിയ മേഖലകളിൽനിന്നെടുത്ത വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
എൻ.ഐ.വി. പുണെയിൽനിന്നുള്ള റിസൾട്ടിലാണ് കണ്ടെത്തലുള്ളത്. ഐ.സി.എം.ആർ പഠനം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും പുണെ എൻ.ഐ.വി സാമ്പിളുകൾ ശേഖരിച്ചിരുന്നു. എൻ.ഐ.വി. പുണെയിൽനിന്ന് അറിയിച്ച വിവരങ്ങൾ അനുസരിച്ച് കുറച്ചു വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസിനെതിരെയുള്ള ഐ.ജി.ജി. ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ഐ.സി.എം.ആർ. നടത്തുകയാണ്. കൂടുതൽ സാമ്പിളുകൾ പരിശോധിക്കേണ്ടതുണ്ട്. അതു കൂടി പരിശോധിച്ചശേഷം പുണെ എൻ.ഐ.വി. ഫലം സർക്കാരിനെ അറിയിക്കും. ഇത്തരമൊരു ഫലം വന്ന സാഹചര്യത്തിൽ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചർച്ചകളും ആവശ്യമാണെന്നും വീണാ ജോർജ് പറഞ്ഞു.
നിപ ബാധിച്ച് മരിച്ച കുട്ടിക്ക് വവ്വാലിൽനിന്ന്പരോക്ഷമായി നിപാ വൈറസ് ബാധയേറ്റുവെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രണ്ടു തരം വവ്വാലുകളിലാണ് നിപയുടെ ഐ.ജി.ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ആ വവ്വാലുകൾക്ക് നിപ രോഗബാധയുണ്ടായിരുന്നു. വവ്വാലുകളിൽനിന്ന് തന്നെയാണ് കോഴിക്കോട് ചാത്തമംഗലത്ത് നിപാ വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.