'സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടം തുടരും'; സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തള്ളിക്കളഞ്ഞ് കെ.സി.ബി.സി

 'സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടം തുടരും'; സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തള്ളിക്കളഞ്ഞ് കെ.സി.ബി.സി

കൊച്ചി: സാമൂഹ്യ തിന്മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന് മറ്റു നിറങ്ങള്‍ നല്‍കി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനെതിരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി). ഇത്തരം തിന്മകളെക്കുറിച്ച് വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വ്വതീകരിച്ചും മത മൈത്രിയെയും ആരോഗ്യകരമായ സഹവര്‍ത്തിത്വത്തെയും ദുര്‍ബലമാക്കുന്ന ശൈലി അംഗീകരിക്കാനാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ തള്ളിക്കളയുന്നതായും കെ.സി.ബി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മതാന്തര സംഭാഷണങ്ങളും മത സൗഹാര്‍ദ്ദവും കത്തോലിക്കാ സഭയുടെ അടിസ്ഥാന ദര്‍ശനങ്ങളായ സത്യം, സ്‌നേഹം, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. ഈ കാര്യത്തില്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാട് തന്നെയാണ് കേരള കത്തോലിക്കാ സഭയുടേത്.

മതേതരത്വവും മത സൗഹാര്‍ദ്ദവും എന്നും ഇവിടെ പുലരണമെന്നാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഗ്രഹിക്കുന്നത്. അതിനായി എക്കാലവും ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സാമൂഹ്യ തിന്മകള്‍ക്കെതിരെ ഇതര സമൂഹങ്ങളുമായി ചേര്‍ന്ന് പോരാട്ടം തുടരുമെന്നും കെ.സി.ബി.സി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.