വാഷിങ്ടണ്‍: ചരിത്രത്തിലെ വലിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൗരയൂഥം എങ്ങനെ പിറവിയെടുത്തു എന്ന മഹാ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ നാസയുടെ ലൂസി പേടകം ഒക്ടോബറി 16 ന് പറന്നുയരും. 12 കൊല്ലമാണ് ദൗത്യകാലം.
ഏതാണ്ട് 450 കോടി വര്‍ഷം പഴക്കമുണ്ട് സൗരയൂഥത്തിന് എന്നാണ് ശാസ്ത്ര ലോകം കണക്കു കൂട്ടുന്നത്. വ്യാഴത്തിന് മുന്നിലും പിന്നിലുമായി സൂര്യനെ ചുറ്റുന്ന ട്രോജന്‍ ചിന്നഗ്രഹങ്ങളിലാണ് ലൂസി സൗരയൂഥത്തിന്റെ രഹസ്യം തിരയുന്നത്.
ഈ ഗ്രഹങ്ങള്‍ക്ക് സൗരയൂഥത്തിനോളം തന്നെ പ്രായമുണ്ട് എന്നതിനാല്‍ ലൂസി കണ്ടെത്തുന്ന വിവരങ്ങള്‍ നിര്‍ണായകമായിരിക്കുമെന്ന് നാസയുടെ ഗ്രഹശാസ്ത്ര വിഭാഗം ഡയറക്ടര്‍ ലോറി ഗ്ലേസ് വ്യക്തമാക്കി.
ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നും ഒക്ടോബര്‍ 16 ന് അറ്റ്‌ലസ് വി റോക്കറ്റില്‍ ലൂസി യാത്ര തിരിക്കും. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് പേടകം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് മൈല്‍ നീളമുള്ള വയറും സൗരോര്‍ജ പാനലുകളുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍.
സൂര്യനില്‍ നിന്ന് ഏറ്റവുമകലെ സൗരോര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പേടകം എന്ന സവിശേഷതയും ലൂസിക്കുണ്ട്. 98.1 കോടി ഡോളറാണ് പദ്ധതിച്ചെലവ്.
ട്രോജന്‍ ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ പേടകമായ ലൂസി 400 കിലോ മീറ്റര്‍ പരിധിയില്‍ എട്ട് ചിന്നഗ്രഹങ്ങള്‍ക്ക് സമീപം സഞ്ചരിക്കും. ഇവയുടെ ഘടന, പിണ്ഡം, സാന്ദ്രത തുടങ്ങിയ കാര്യങ്ങള്‍ അളക്കും. ഇത്രയും ചിന്നഗ്രഹങ്ങളെ ഒരു പേടകം നീരീക്ഷിക്കുന്നതും ആദ്യമാണ്.
സൂര്യന് ചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ചിന്നഗ്രഹങ്ങളാണ് ട്രോജന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. സൗരയൂഥത്തില്‍ ഇത്തരം 7,000 ത്തിലേറെ ഗ്രഹങ്ങളുണ്ട്. സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും രൂപവുമാണ് ഇവയ്ക്ക് ഇപ്പോഴും. ചിലതിന് ചുവപ്പും മറ്റു ചിലതിന് ചാര നിറവുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.