ഫ്രാന്‍സില്‍ ബംഗ്ലാവിന്റെ മതിലിനുള്ളില്‍ അപൂര്‍വ സ്വര്‍ണ്ണ നാണയങ്ങള്‍; ലേലത്തില്‍ പോയത് എട്ടു കോടിക്ക്

ഫ്രാന്‍സില്‍ ബംഗ്ലാവിന്റെ മതിലിനുള്ളില്‍ അപൂര്‍വ സ്വര്‍ണ്ണ നാണയങ്ങള്‍; ലേലത്തില്‍ പോയത് എട്ടു കോടിക്ക്

പാരീസ്: ഫ്രാന്‍സില്‍ ഒരു ബംഗ്ലാവിന്റെ മതിലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നൂറിലധികം സ്വര്‍ണ്ണ നാണയ ശേഖരം കണ്ടെത്തി. ഫ്രാന്‍സിന്റെ പടിഞ്ഞാറുഭാഗത്തെ ബ്രിറ്റനി പ്രവിശ്യയിലെ ക്വിമ്പര്‍ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ഒരു ബംഗ്ലാവില്‍നിന്നാണ് 239 സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്. ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് നിര്‍മിച്ചതെന്നു കരുതപ്പെടുന്ന നാണയങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 1.2 മില്യണ്‍ ഡോളറിനാണ് (8,90,85,360.00 ഇന്ത്യന്‍ രൂപ) വിറ്റുപോയത്.

2019-ലാണ് വീട്ടുകാര്‍ നാണയങ്ങള്‍ കണ്ടെത്തിയെങ്കിലും ലേലത്തില്‍ വച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ബംഗ്ലാവ് പുതുക്കിപ്പണിതപ്പോഴാണ് മൂന്ന് കരകൗശല തൊഴിലാളികള്‍ സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്. മതില്‍ നിര്‍മിച്ചിട്ടുള്ള കല്ലുകള്‍ക്കിടയില്‍നിന്നാണ് സ്വര്‍ണ്ണ നാണയങ്ങള്‍ നിറച്ച ലോഹപ്പെട്ടി കണ്ടെത്തിയത്.

ഇവിടെ താമസിക്കന്ന കുടുംബം നാല് നാണയങ്ങള്‍ കൈവശം സൂക്ഷിച്ചശേഷം ബാക്കിയുള്ളവ ആംഗേഴ്‌സ് നഗരത്തില്‍ ലേലത്തിന് വച്ചു. 250,000-300,000 യൂറോ മൂല്യമുള്ളവയാണ് ഈ നാണയങ്ങള്‍.

1646-ല്‍ പ്രചാരത്തിലുണ്ടായിരുന്ന, ലൂയിസ് പതിനാലാമനെ ചിത്രീകരിച്ചിട്ടുള്ള രണ്ട് അപൂര്‍വ നാണയങ്ങള്‍ 8,000 യൂറോയ്ക്കാണ് ലേലം ആരംഭിച്ചത്. ഇത് 46,000 യൂറോയ്ക്ക് വിറ്റുപോയി. കുരിശിന്റെ മാതൃക കൊത്തിയിട്ടുള്ള 1640-ലെ നാണയത്തിനും ഇതേ വില ലഭിച്ചു.

ലേലത്തില്‍നിന്നുള്ള വരുമാനം ഉടമകള്‍ക്കും സ്വര്‍ണം കണ്ടെത്തിയ മൂന്ന് കരകൗശല വിദഗ്ധര്‍ക്കും പങ്കിടണം.

ലോഹപ്പെട്ടിയില്‍ ഒളിപ്പിച്ച നിലയിലുള്ള നാണയങ്ങള്‍ അക്കാലത്തെ ധനികനായ ഒരു കച്ചവടക്കാരന്റെയോ ഭൂവുടമയുടേയോ സമ്പാദ്യമായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.