വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒക്ടോബര്‍ 29 ന് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ആകുന്നതിന് മുന്‍പ് മൂന്നു തവണ ബൈഡന്‍ പാപ്പയെ സന്ദര്‍ശിച്ചിട്ടുണ്ട്. പ്രസിഡന്റ് ആയതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്.
രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകള്‍ നയതന്ത്രത്തിനുള്ള അവസരങ്ങളാണെങ്കിലും അമേരിക്കന്‍ പ്രസിഡന്റുമായുള്ള മാര്‍പ്പാപ്പയുടെ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറെയാണ്. കൂടിക്കാഴ്ചക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന സൂചന.
എന്നാല്‍ വത്തിക്കാന്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ സാധാരണയായി മുന്‍കൂട്ടി അറിയിപ്പ് നല്‍കാറില്ല. പൊതുവെ, മീറ്റിംഗുകള്‍ നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വിവരങ്ങള്‍ നല്‍കുന്നത്. രാഷ്ട്രത്തലവന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിനു ശേഷം മാത്രമേ ഇത്തരം സന്ദര്‍ശനങ്ങള്‍ വത്തിക്കാന്‍ സ്ഥിരീകരിക്കുകയുള്ളൂ.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രസിഡന്റ് ബൈഡന്റേത് ഔദ്യോഗിക സന്ദര്‍ശനമാണ്. ആദ്യം ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്ന ബൈഡന്‍ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിന്റെ സെക്രട്ടറി, വത്തിക്കാന്‍ വിദേശകാര്യ മന്ത്രിക്കു തുല്യമായ പദവി വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഗര്‍ എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
കഴിഞ്ഞ ജൂണ്‍ 15 ന് നടന്ന യുറോപ്യന്‍ യൂണിയന്‍ സമ്മേളനത്തോട് അനുബന്ധിച്ച് ബൈഡന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അന്ന് സന്ദര്‍ശനം നടന്നിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു.
ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ജോ ബൈഡന്‍. എന്നാല്‍ ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്‍മാരില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് ബൈഡന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.