ആഢംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ല; മോന്‍സണ്‍ കറങ്ങി നടന്നത് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച്

ആഢംബര കാറുകള്‍ക്ക് രജിസ്ട്രേഷനില്ല; മോന്‍സണ്‍ കറങ്ങി നടന്നത് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച്

കൊച്ചി: തട്ടിപ്പ് വീരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര വാഹനശേഖരവും വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ എട്ട് വാഹനങ്ങളില്‍ ഒരെണ്ണം മാത്രമാണ് മോന്‍സന്റെ പേരിലുള്ളത്. ബാക്കിയുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളെല്ലാം വ്യാജമാണെന്ന് എംവിഡി അറിയിച്ചു.

മോന്‍സന്‍ പതിവായി കറങ്ങിയിരുന്ന ദോഡ്ജേ ഗ്രാന്‍ഡിന്റെ രജിസ്ട്രേഷന്‍ 2019ല്‍ അവസാനിച്ചു. ഹരിയാന രജിസ്ട്രേഷന്‍ വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് പോലുമില്ലെന്നാണ് കണ്ടെത്തല്‍. മോന്‍സന്റെ പക്കലുണ്ടായിരുന്ന ലക്സസ്, റേഞ്ച് റോവര്‍, ടൊയോട്ട എസ്റ്റിമ എന്നിവയുടെയൊന്നും രേഖകള്‍ പരിവാഹന്‍ വെബ്സൈറ്റിലില്ല. വ്യാജ നമ്പര്‍ പ്ലേറ്റിലാണ് ഇവ ഉപയോഗിച്ചതെന്നാണ് നിഗമനം.

കലൂരിലെ വീട്ട് മുറ്റത്ത് നിരത്തിയിട്ടിരുന്ന കാറുകളെല്ലാം പഴഞ്ചനെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തെ പ്രമുഖ വാഹന ഡിസൈനറായ ദീപക് ഛാബ്രിയ ഡിസൈന്‍ ചെയ്ത ഫെറാറി ലോഗോ പതിപ്പിച്ച കാര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഈ കാറിന് അനുമതി കിട്ടാതെ വന്നതോടെ നിരത്തിലിറക്കാനായില്ല. ഇതെങ്ങനെ മോന്‍സന്റെ കയ്യിലെത്തിയെന്നതും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.