പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു; പി.വി.അന്‍വറിനെതിരെ ക്രൈംബ്രാഞ്ച്

പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു; പി.വി.അന്‍വറിനെതിരെ ക്രൈംബ്രാഞ്ച്

മഞ്ചേരി: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസ്. കർണാടകത്തിൽ ക്രഷർ തുടങ്ങുന്നത് കാണിച്ച് പൈസ തട്ടിയെന്നതാണ് പരാതി. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ കേസിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തിയത്.

അൻവറിന് എതിരായ കേസിൽ പാട്ടക്കരാർ വ്യവസ്ഥകൾ വ്യക്തമാക്കാത്തത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയിൽ സമർപ്പിച്ചത്. കരാർ സംബന്ധിച്ച സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പി.വിക്രമൻ സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ബൽത്തങ്ങാടി താലൂക്ക് കരായ വില്ലേജിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്തു മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീമിൽനിന്ന് ‍50 ലക്ഷം രൂപ അൻവർ വാങ്ങിയെന്നാണ് കേസ്. അൻവറിന് ക്രഷർ വിൽപന നടത്തിയ കാസർകോട് സ്വദേശി കെ.ഇബ്രാഹിമിൽനിന്നു  ഡിവൈഎസ്പി കഴിഞ്ഞ 15നു മൊഴിയെടുത്തിരുന്നു.

ക്രഷർ സർക്കാരിൽനിന്നു പാട്ടത്തിനു ലഭിച്ച രണ്ടര ഏക്കറിലാണെന്നും പാട്ടക്കരാർ മാത്രമാണ് അൻവറിന് നൽകിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി. ക്രഷറും 26 ഏക്കറും സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയത്തിന് അവകാശമുണ്ടെന്നും പറഞ്ഞാണ് പണം വാങ്ങിയെന്നാണ് സലീമിന്റെ പരാതി.

കരാറിൽ ക്രഷർ സ്വന്തം ഉടമസ്ഥതയിൽ ആണെന്ന് പറയുന്നതും പാട്ടഭൂമിയിലാണെന്ന കാര്യം വ്യക്തമാക്കാത്തതും പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മംഗലപുരത്തു പോയി കൂടുതൽ അന്വേഷണം നടത്തുമെന്നും രേഖകൾ പരിശോധിച്ചും അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കുറച്ചു നാളുകളായി പി.വി അൻവറിന്റെ അനധികൃത ബിസിനസുകളെക്കുറിച്ച് വലിയ വിവാദം ഉയർന്നിരുന്നു. മണ്ഡലത്തിൽ എം.എൽ.എയെ കാണാതാവുന്നതിനെ പറ്റി നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.