ദുബായ്: കണ്ണഞ്ചിപ്പിക്കുന്ന കലാവിരുന്നോടെ ലോകം കാത്തിരുന്ന എക്സ്പോ 2020യ്ക്ക് തുടക്കമായി. ആകാശത്ത് യുഎഇ പതാകയുടെ വർണങ്ങള്‍ വിരിഞ്ഞ രാത്രിയില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിദ്ധ്യത്തില്‍ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. അബുദബി കിരീടാവകാശിയും യുഎഇ സായുധസേന സുപ്രീം കമാന്‍ററുമായ ഷെയ്ഖ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുള്‍പ്പടെയുളള പ്രമുഖർ ചടങ്ങിന് സാക്ഷികളായി.
ലോകം മുഴുവന്‍ യുഎഇയിലേക്ക് വരികയാണ്. നമുക്കിതൊരു പുതിയ തുടക്കമാണ്. ദൈവത്തിന്റെ കൃപയില്‍ എക്സ്പോ 2020 ആരംഭിക്കുകയാണ്, ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. രാത്രി എട്ടുമണിയോടെയാണ് ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചത്. യുഎഇയുടെ ദേശീയ ഗാനമായ ഈഷി ബിലാദി അന്തരീക്ഷത്തില്‍ മുഴങ്ങിയപ്പോള്‍ ചടങ്ങിന്റെ പ്രധാന ആകർഷണമായ അല്‍ വാസല്‍ ഡോം യുഎഇ പതാകയുടെ നിറമണിഞ്ഞു. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ സ്മരിച്ചുകൊണ്ട് എമിറാത്തി കലാകാരനായ ഹുസൈന്‍ അല്‍ ജാസിമി ഹെ ബില്‍ ഷഹാമയെന്ന ഗാനം ആലപിച്ചു.
പിന്നീട് യുഎഇയുടെ 50 വർഷത്തെ യാത്രയുടെ ചരിത്രം ഒരു പെണ്‍കുട്ടിയിലൂടെ പറഞ്ഞുപോകുന്ന രീതിയിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. അവള്‍ക്ക് വഴികാട്ടിയായി ഒരാളെത്തുന്നു. മരുഭൂമിയില്‍ നിന്ന് ലോകത്തെ വിസ്മയിപ്പിച്ച രാജ്യമായി യുഎഇ മാറിയത് പൂർവ്വികരുടെ വൈജ്ഞാനികമികവും ഈ തലമുറയുടെ ദീർഘവീക്ഷണവും കൊണ്ടാണ്. ഇവിടെ നമ്മള്‍ മനസുകളെ ചേർത്ത് വച്ച് ഭാവിയിലേക്ക് ഒരുമിക്കുന്നു. അദ്ദേഹത്തിന്റെ ശബ്ദം ആ പെണ്‍കുട്ടിയെ നയിക്കുന്നു.
തുടർന്ന് എക്സ്പോയില്‍ പങ്കെടുക്കുന്ന 192 രാജ്യങ്ങളുടെയും പതാകകള്‍ ഉയർത്തി. ലോകം ദുബായിലേക്ക് ചുരുങ്ങുന്ന കാഴ്ച. വർണ പ്രപഞ്ചമാണ് അല്‍ വാസല്‍ ഡോം കാഴ്ചകാർക്ക് മുന്നിലൊരുക്കിയത്. തുടർന്ന് ഹുസൈന്‍ അല്‍ ജാസിമി, മൈസ കാര, അല്‍മാസ് എന്നിവർ ചേർന്ന് ഇത് ഞങ്ങളുടെ സമയമെന്ന എക്സ്പോയടെ ഔദ്യോഗിക ഗാനം ആലപിച്ചു.
എക്സ്പോയ്ക്ക് വേദിയാകുന്നതിലൂടെ ദുബായ് ലോകത്തോട് ഒരുമയുടേയും സഹിഷ്ണുതയുടേയും സന്ദേശമാണ് നല്‍കുന്നതെന്ന് യുഎഇയുടെ എക്സ്പോ 2020 കമ്മീഷണർ ജനറല്‍ ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. ഇവിടെ യുഎഇ ലോകത്തോട് പറയുകയാണ് വരൂ, നമുക്ക് ഒരുമിച്ചിരിക്കാം, ചർച്ചകള്‍ നടത്താം, ഒരുമിച്ച് ജോലി ചെയ്യാം, അദ്ദേഹം പറഞ്ഞു. യുഎഇ സുവർണജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ എക്സ്പോയ്ക്ക് വേദിയാകുന്നുവെന്നുളളത് ഇരട്ടിമധുരമാണെന്ന് ബ്യൂറോ ഓഫ് ഇന്റർനാഷണല്‍ ഡെസ് എക്സ്പൊസിഷന്‍സ് സെക്രട്ടറി ജനറല്‍ ദിമിത്രി എസ് കെർകെന്‍സ് പറഞ്ഞു.
ഇന്ത്യയുടെ അഭിമാനമായ എ ആർ റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ നേതൃത്വത്തില്‍ അപ്പോള്‍ ബി ഐ ഇയുടെ ദേശീയ ഗാനം മുഴങ്ങി. യുഎഇയുടെയും ബിഐഇയുടേയും ദേശീയ പതാക ഉയർന്നു. വ്യാഴാഴ്ച രാത്രി 8.40 ഓടെ അല്‍ വാസല്‍ ഡോമില്‍ എക്സ്പോയുടെ ലോഗോ തെളിഞ്ഞു. അതെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോകത്തെ എക്സ്പോയിലേക്ക് ക്ഷണിച്ചു. ഇനിയുളള ആറ് മാസക്കാലം ലോകം ദുബായിലേക്കെത്തും. മധ്യപൂർവ്വദേശത്തെ ഒരു രാജ്യം വേദിയാകുന്ന ആദ്യ എക്സ്പോയുടെ ഭാഗമാകാന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.