കെപിസിസിക്കു കീഴിലുള്ള സ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ നിന്ന് രമേശ് ചെന്നിത്തല രാജിവച്ചു

കെപിസിസിക്കു കീഴിലുള്ള സ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ നിന്ന് രമേശ് ചെന്നിത്തല രാജിവച്ചു

തിരുവനന്തപുരം: ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം രമേശ് ചെന്നിത്തല രാജിവച്ചു. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിട്ട്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ചെന്നിത്തല ഒഴിഞ്ഞിട്ടുണ്ട്.

കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല അറിയിച്ചു. മുന്‍ അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് താന്‍ അന്ന് ഈ സ്ഥാനങ്ങളില്‍ തുടര്‍ന്നത്. ഇപ്പോള്‍ പുതിയ അധ്യക്ഷനെത്തിയതിനാലാണ് സ്ഥാനങ്ങളില്‍ നിന്നും രാജി വയ്ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

അതേസമയം കെപിസിസിക്കു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും സ്വകാര്യ ഏജന്‍സിയെ കൊണ്ട് ഓഡിറ്റ് നടത്താന്‍ നേതൃത്വം തീരുമാനിച്ചു. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും പരിശോധിക്കാനാണ് കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ജയ് ഹിന്ദ് ടി വി, വീക്ഷണം ദിനപത്രം, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് കോടികളുടെ ബാധ്യതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.