പാലക്കാട്: കോൺഗ്രസിൽ വിമര്‍ശനങ്ങളും അസ്വാരസ്യങ്ങളും തുടരുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എത്ര വലിയ നേതാക്കള്‍ ആണെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ തയ്യാറല്ലെങ്കില്‍ പദവി ഒഴിയേണ്ടിവരുമെന്ന് സുധാകരന്‍ പറഞ്ഞു. പാലക്കാട് ഡിസിസി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരെങ്കിലുമിട്ട കസേരയിൽ ഇരിക്കാമെന്നു കരുതി വരേണ്ട, വരുന്നവർ കസേരയുമെടുത്ത് കയറി വരണമെന്നായിരുന്നു പാലക്കാട് നടന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ ഉദ്ഘാടന വേദിയില്‍ അദ്ദേഹം പറഞ്ഞത്. ഇതോടെ പുതിയ യൂണിറ്റ് ഭാരവാഹികൾ കസേരയുമെടുത്തു വേദിയിലേക്കു കയറുകയും ചെയ്തത് പാര്‍ട്ടിയില്‍ പുതിയൊരു ശൈലിയുടെ തുടക്കമായി.
അതേസമയം പാർട്ടി പദവി അലങ്കാരമായി കൊണ്ടു നടക്കുന്ന പണി ഇനി കോൺഗ്രസിൽ പറ്റില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഇത്തരത്തില്‍ പദവി കേവലം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. പാര്‍ട്ടിയിൽ നിന്ന് ജനങ്ങൾ അകലുന്നതിന് ഈ മനോഭാവം കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കളെ കൊണ്ട് ഒന്നുകില്‍ പണിയെടുപ്പിക്കും അല്ലെങ്കില്‍ പുറത്താക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കാവും പാര്‍ട്ടിയില്‍ അവസരവും സംരക്ഷണവും ഒരുക്കുക. ഗ്രൂപ്പ് പരിഗണന ആര്‍ക്കും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കു സംഭവിച്ച ബലക്ഷയത്തെക്കുറിച്ചു കോൺഗ്രസ് അറിയാതെപോയി എന്നത് ഒരു നല്ല രാഷ്ട്രീയ സംഘടനയ്ക്ക് ചേര്‍ന്ന കാര്യമല്ലെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ കഴിവും കഴിവ് കേടുമൊക്കെ അപ്പോള്‍ തന്നെ വ്യക്തമായിരുന്നു. എന്നിട്ടും പ്രശ്നങ്ങളും പോരായ്മകളും തിരുത്തി മുന്നോട്ടു പോകാൻ സാധിച്ചില്ല. ഇതാണ് പിണറായി സര്‍ക്കാർ വീണ്ടും അധികാരത്തില്‍ എത്തുന്നതിന് സഹായകമായത്. ഇത് തടയേണ്ടതായിരുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിത്തട്ടിലെ ദൗർബല്യമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. രോഗമറിഞ്ഞുള്ള ചികിത്സയാണ് ഇതിന് പരിഹാരം. അത്തരത്തില്‍ ഒരു ചികിത്സയാണ് യൂണിറ്റ് കമ്മറ്റികള്‍. കോൺഗ്രസിന്‍റെ അസ്തിത്വം അരക്കിട്ടുറപ്പിക്കാൻ കോൺഗ്രസ് യുണിറ്റ് കമ്മിറ്റികള്‍ക്ക് സാധിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
അതേസമയം പാര്‍ട്ടിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ശക്തമായ നിലയില്‍ മുന്നോട്ട് പോവുകയാണ് കെ സുധാകരന്‍. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് പട്ടിക പുറത്ത് വിടാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.