ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കൊവിഷീല്‍ഡ് രണ്ട് ഡോസ് വാക്സിന്‍ എടുത്ത് ഇന്ത്യയില്‍നിന്ന് യു.കെയില്‍ എത്തുന്നവര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.
യു.കെ.യില്‍നിന്ന് ഇന്ത്യയിലേക്കു വരുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിനില്‍ പ്രവേശിക്കണമെന്നാണ് പുതിയ ഉത്തരവ്. വാക്‌സിനെടുത്തവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഒക്ടോബര്‍ നാലു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കു വിധേയമാകണം. പിന്നീട് ക്വാറന്റീന്‍ കാലയളവിനിടയിലും പരിശോധന നടത്തണം.
യു.എസ്, ഇസ്രായേല്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.കെ ക്വാറന്റീന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് യു.കെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഈ നിബന്ധന വിവേചനപരമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതാണ്. എന്നാല്‍ യു.കെയിലെ പുതിയ ചട്ടപ്രകാരം രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ എടുത്താലും യു.കെയില്‍ 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. യാത്രയ്ക്ക് മുമ്പ് ആര്‍ടിപിസിആര്‍ പരിശോധനയും വേണം. യുകെയില്‍ ക്വാറന്റീന്‍ തുടരുമ്പോഴും രണ്ടാം ദിവസവും എട്ടാം ദിനവും പരിശോധന നടത്തണം. സമാന നടപടി ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും രാജ്യം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.