പെര്‍ത്ത്: എണ്‍പതു വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയയില്‍ നടക്കുന്ന കത്തോലിക്ക സഭാ പ്ലീനറി കൗണ്‍സിലിന് ഇന്ന് തുടക്കം. പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 11-ന് നടന്ന ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് സമ്മേളനം നടക്കുന്നത്.
ആദ്യഘട്ട സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. ആറു ദിവസങ്ങളിലായി അംഗങ്ങള്‍ യോഗം ചേരും. ഒക്‌ടോബര്‍ പത്തിന് രാവിലെ ബ്രിസ്ബന്‍ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ നടക്കുന്ന കുര്‍ബാനയോടെ പൊതുസമ്മേളനം അവസാനിക്കും. രണ്ടാം ഘട്ട സമ്മേളനം അടുത്ത വര്‍ഷം ജൂലൈ നാലു മുതല്‍ ഒന്‍പതു വരെ സിഡ്‌നിയില്‍ നടക്കും.
ഓസ്‌ട്രേലിയയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം പ്ലീനറി കൗണ്‍സില്‍ ഏറെ സുപ്രധാനമാണെന്നു കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് ബിഷപ്പ് ഷെയ്ന്‍ മാക്കിന്‍ലെ പറഞ്ഞു.
പ്ലീനറി കൗണ്‍സിലിന്റെ അജണ്ടയില്‍ 16 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ കൗണ്‍സില്‍ അംഗങ്ങള്‍ പരിഗണിക്കും. ദൈവകൃപയ്ക്കായും സഭാ നവീകരണത്തിനുമായുള്ള വിത്തുകള്‍ പാകാനാണ് സമ്മേളത്തിലൂടെ ശ്രമിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
രണ്ടാം ഘട്ട സമ്മേളനത്തിനു മുന്നോടിയായുള്ള ഒന്‍പത് മാസ കാലയളവില്‍ സഭാ ശാക്തീകരണത്തിനായി പദ്ധതി തയാറാക്കും. ഓസ്ട്രേലിയയിലെ ദൈവ ജനങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ സഭാ നവീകരണ ദൗത്യം നടപ്പാക്കും.
ആദ്യ സമ്മേളനത്തില്‍ 278 അംഗങ്ങള്‍ പങ്കെടുക്കുമെന്ന് പ്ലീനറി കൗണ്‍സില്‍ ഫെസിലിറ്റേറ്റര്‍ ലാന ടര്‍വി-കോളിന്‍സ് പറഞ്ഞു. പ്രാര്‍ഥനയിലൂടെയും ആത്മീയ സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു.
ലൈവ് സംപ്രേക്ഷണം, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, പ്രാര്‍ത്ഥന എന്നിവയിലൂടെ അംഗങ്ങള്‍ രാജ്യത്തെ കത്തോലിക്കാ സമൂഹവുമായി ഇടപെടും.
ക്രിസ്തുവിനോടുള്ള പ്രതിബദ്ധത ഉറപ്പിക്കാന്‍ ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭയ്ക്ക് ലഭിക്കുന്ന ചരിത്രപരമായ അവസരമാണിത്. പുതിയ കാലത്തെ വെല്ലുവിളികള്‍ക്കും പ്രതീക്ഷകള്‍ക്കുമിടയില്‍ ഓസ്ട്രേലിയയിലെ കത്തോലിക്ക സഭയ്ക്ക് അതിന്റെ ദൗത്യം ഏറ്റവും വിശ്വസ്തമായും ഫലപ്രദമായും എങ്ങനെ വിനിയോഗിക്കാന്‍ കഴിയും എന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും.
1937-ലാണ് ഓസ്‌ട്രേലിയയില്‍ ആദ്യത്തെ പ്ലീനറി കൗണ്‍സില്‍ നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.