ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നു.
ലഖ്നൗ: കര്‍ഷക സമരത്തിനിടെ ഉണ്ടായ അക്രമത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ തിരിച്ച അഖിലേഷിനെ വീടിന് മുന്നില്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് അഖിലേഷും സംഘവും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് വാഹനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ തീയിട്ടു. ഇതിന് പിന്നാലെ അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല.
കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യുപി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പോലീസ് തയാറാക്കിയ എഫ്‌ഐആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യുപി പോലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയിരുന്നു. ഇത് വകവെക്കാതെ അവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയും സംഘര്‍ഷബാധിത പ്രദേശത്തേക്ക് തിരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുപി പോലിസ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ, ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പത് പേരാണ് ഇതുവരെ മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ സ്ഥലത്തുവെച്ചും രണ്ടുപേര്‍ പിന്നീടും ഒരാള്‍ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കര്‍ഷക നേതാവ് റിച്ചസിങ് പറഞ്ഞിരുന്നു. കര്‍ഷകര്‍ക്കിടയിലേക്കു ഇടിച്ചു കയറിയ കാറുകള്‍ കത്തിച്ചതോടെയാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.
കേന്ദ്ര മന്ത്രിയുടെയും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെയും സന്ദര്‍ശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിര്‍പുര്‍ റോഡിലാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാല്‍ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു അവര്‍ വന്നിറങ്ങുന്ന ഹെലിപാഡിനു സമീപം കര്‍ഷകര്‍ ഒത്തുചേര്‍ന്നത്.
രാവിലെ ഒമ്പതുമുതല്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു. എന്നാല്‍, മന്ത്രിമാര്‍ ഹെലികോപ്റ്ററില്‍ വരാതെ ലഖ്‌നൗവില്‍നിന്നു റോഡ് മാര്‍ഗമാണെത്തിയത്. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്ക് കര്‍ഷകര്‍ മടങ്ങിപ്പോവാന്‍ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകള്‍ റോഡരികില്‍ കര്‍ഷകര്‍ക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.